
ഹ്യൂസ്റ്റണ്‍: കൗമാരക്കാരും അവരുടെ മാതാപിതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) ‘ബ്രിഡ്ജിംഗ് ദി ഗ്യാപ്പ്’ എന്ന പേരില്‍ നടത്തപ്പെട്ട സെമിനാര്‍ വിജയകരമായി. സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ വെച്ച് MAGH 2024 വിമന്‍സ് ഫോറം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സെമിനാറില്‍ വനിതാ പ്രതിനിധി ആന്‍സി സാമുവല്‍ സ്വാഗതം ആശംസിച്ചു. സൈക്യാട്രിസ്റ്റ് ഡോ. സുനന്ദ മുരളി, ഫാമിലി കൗണ്‍സിലറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. സജി മത്തായി, ലൈസന്‍സ്ഡ് മെന്റല്‍ ഹെല്‍ത്ത് തെറാപ്പിസ്റ്റ് ബ്ലെസി ചാക്കോ, ലൈഫ് കോച്ചും ഹിപ്നോതെറാപ്പിസ്റ്റുമായ ഷിജോ ചാണ്ടപ്പിള്ള എന്നിവര്‍ മുഖ്യപ്രഭാഷകരായി പരിപാടിയില്‍ പങ്കെടുത്തു.
തലമുറകളുടെ വിഭജനം അഥവാ ജനറേഷന്‍ ഗ്യാപ്പ് മനസ്സിലാക്കുക, ടീന്‍ ഏജേര്‍സിലുള്ള പൊതുവായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക, ആശയവിനിമയത്തിന്റെ വിടവുകള്‍ അല്ലെങ്കില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് നികത്തുന്നതിനുള്ള തന്ത്രങ്ങള്‍ മനസ്സിലാക്കുക അവ എപ്രകാരം ഉപയോഗിക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ നയിച്ചുകൊണ്ട് സെമിനാറില്‍ മാസ്റ്റര്‍ ഓഫ് സെറിമോണി ആയും മോഡറേറ്ററായും ഷിജോ ചാണ്ടപ്പിള്ള പ്രവര്‍ത്തിച്ചു.
ക്രിയാത്മകമായ പ്രശ്‌ന പരിഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുവായ ഭയങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുന്നതിനാണ് ചര്‍ച്ചകള്‍ രൂപപ്പെടുത്തിയത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും അവരുടെ ആശങ്കകളെ ഫലപ്രദമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഇന്ററാക്ടീവ് സെഷനിലൂടെ സെമിനാര്‍ മുന്നോട്ടുപോയി. തെറാപ്പിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ പ്രതികരണങ്ങള്‍ പ്രഭാഷണത്തിന് കാതലായ മൂല്യം നല്‍കി.
റോയല്‍ ഇന്ത്യന്‍ ക്യുസീന്‍ സ്നാക്സുകള്‍ സ്പോണ്‍സര്‍ ചെയ്തു. ഉച്ചയ്ക്ക് 1:30 ന് വനിതാ പ്രതിനിധി അനില സന്ദീപിന്റെ സമാപന പ്രസംഗത്തോടെ പരിപാടി സമാപിച്ചു. പങ്കെടുത്ത എല്ലാവരോടും പ്രസംഗകര്‍ക്കും ഹൃദയംഗമമായ നന്ദി പറഞ്ഞു. MAGH 2024 ഡയറക്ടര്‍ ബോര്‍ഡ് എല്ലാവരും തന്നെ സന്നിഹിതരായിരുന്നു. ‘ബ്രിഡ്ജിംഗ് ദ ഗ്യാപ്പ്’ സെമിനാര്‍ കുടുംബബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായുള്ള സമൂഹത്തിന്റെ പ്രതിബദ്ധത മാത്രമല്ല ഭാവിയില്‍ MAGH-ന്റെ സംരംഭങ്ങള്‍ക്കുള്ള ഒരു വഴിവിളക്കും കൂടിയാണ് എന്ന് അടയാളപ്പെടുത്താവുന്നതാണ്.