മലയാളത്തിലെ പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന എൻ. വി. കൃഷ്ണവാര്യരുടെ മകളും കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. വൈസ് പ്രിൻസിപ്പലുമായിരുന്ന ഡോ. പാർവതി കൃഷ്ണവാര്യർ യുഎസിലെ അരിസോണയിലുണ്ടായ കാർ അപകടത്തിൽ മരിച്ചു. 73 വയസ്സായിരുന്നു. മാർച്ച് ഒന്നിന് രാത്രി ഫീനിക്സിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡോ. പാർവതിയെ സ്കോട്സ്ഡേയ്‌ലിലെ ഒസ്ബോൺ ഓണർഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു.
അപകടം നടക്കുമ്പോൾ ഡോ. പാർവതിക്ക് ഒപ്പം സഹോദരി ഡോ. ഉഷ അവരുടെ ഭർത്താവ് പ്രേം വാര്യർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇവർക്കും അപകടത്തിൽ പരുക്കേറ്റെങ്കിലും ഗുരുതരമല്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്നു ഡോ. പാർവതി വിരമിച്ച ശേഷം കോഴിക്കോട് പൊറ്റമ്മലിലായിരുന്നു താമസം. കുറച്ചു നാളുകളായി അമേരിക്കയിലുള്ള മകൾ മന്യയ്ക്കും മരുമകൻ സുകുമാറിനുമൊപ്പമായിരുന്നു താമസം.
ഡോ. പാർവതിയുടെ ഭർത്താവ് പരേതനായ ഡോ. എൻ.വി. ഉണ്ണികൃഷ്ണ വാരിയർ (റിട്ട. മേധാവി, ശ്വാസകോശരോഗ വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്)., അമ്മ: പരേതയായ പി.വി. ലക്ഷ്മികുട്ടി വാരസ്യാർ. മറ്റൊരു സഹോദരി: ഡോ. വാണി രാധാകൃഷ്ണൻ (ദുബായ്).
Malayali Doctor Parvathy died in car accident at Arizona US