അർമേനിയയിൽ മലയാളിയെ ബന്ദിയാക്കി; രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ: അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30)യാണ് ബന്ദിയാക്കിയത്. യുവാവിനെ വിട്ട് കിട്ടണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നാണ് ആവശ്യം.

വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴിൽസ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേൽ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു. ഭീഷണിയെ തുടർന്ന് വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ നൽകിയെങ്കിലും ചൊവ്വാഴ്ചയ്ക്കുള്ളിൽ രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു കുടുംബം പറയുന്നത്.

മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനും നോർക്കയ്ക്കും പരാതി നൽകി. ‘‘ഒരു മകനാണുള്ളത്. ഭർത്താവിനു സുഖമില്ല. മറ്റ് വരുമാന മാര്‍ഗങ്ങളുമില്ല. പലരോടും സഹായം ചോദിച്ചു. എനിക്കിനി ഒന്നും ചെയ്യാനാവില്ല,’’ വിഷ്ണുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കുടുംബത്തിന്‍റെ പരാതി ലഭിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി സ്ഥിരീകരിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എംബസിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide