
ജിരിബാം: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ച വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ രണ്ട് പോലീസ് ഔട്ട്‌പോസ്റ്റുകളും ഒരു ഫോറസ്റ്റ് ഓഫീസും 70 വീടുകളും കത്തിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഇത് പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റാൻ അധികാരികളെ പ്രേരിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അക്രമികൾക്കെതിരായ പ്രവർത്തനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 70-ലധികം സംസ്ഥാന പോലീസ് കമാൻഡോകളുടെ ഒരു സംഘത്തെ ഇംഫാലിൽ നിന്ന് ജിരിബാമിലേക്ക് എയർലിഫ്റ്റ് ചെയ്തു.
അതിനിടെ, ജിരിബാമിലെ പെരിഫറൽ പ്രദേശങ്ങളിൽ നിന്ന് 239 ഓളം മെയിറ്റി വിഭാഗക്കാരായ ആളുകളെ ഒഴിപ്പിച്ചു. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ജില്ലയിലെ ഒരു മൾട്ടി സ്‌പോർട്‌സ് കോംപ്ലക്‌സിൽ പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്.
ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, അക്രമികൾ എന്ന് സംശയിക്കുന്നവർ ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാൽ, ബെഗ്ര ഗ്രാമങ്ങളിലെ 70 ലധികം വീടുകൾ കത്തിച്ചു. ഗ്രാമവാസികൾ താമസസ്ഥലം ഒഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചതായി അദ്ദേഹം പറഞ്ഞു.
ജിരി മുഖ്, ചോട്ടോ ബെക്ര എന്നീ പോലീസ് ഔട്ട്‌പോസ്റ്റുകളും ഗോഖൽ ഫോറസ്റ്റ് ബീറ്റ് ഓഫീസും ഇന്ന് രാവിലെ തീയിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് എസ്പിയുടെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.