ഇത് വിശ്വാസ സമൂഹം കാത്തിരുന്ന നിമിഷം; മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി: അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരത കത്തോലിക്കാ സഭ. 51 കാരനായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ പുരോഹിതനാണ്.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒന്നര മണിക്കൂറാണ് ചടങ്ങുകളുടെ ദൈര്‍ഘ്യം.

അമ്പത്തൊന്നുകാരനായ മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ചടങ്ങിന് മുന്നോടിയായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.