
മേരിലാൻഡ്: കൗമാരക്കാരനായ വിദ്യാർത്ഥി സ്‌കൂളിൽ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി അധികൃതർ. ഇതേതുടർന്ന് മേരിലാൻഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. കൂട്ടക്കൊലയ്ക്കുള്ള പദ്ധതിയായിരുന്നു വിദ്യാർത്ഥിയുടെ പക്കൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
129 പേജുള്ള രേഖ എഴുതി തയ്യാറാക്കിയത് 18 കാരനായ അലക്‌സ് യെ തന്നെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുധനാഴ്ച അറസ്റ്റ് നടന്നതെന്ന് മോണ്ട്‌ഗോമറി കൗണ്ടി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പോലീസ് (എംസിപിഡി) വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
അജ്ഞാതനായ ഒരു വ്യക്തിയുമായി അലക്സ് യെ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റുകൾ വഴിയാണ് പൊലീസ് വിവരമറിഞ്ഞത്. സന്ദേശത്തിൽ സ്കൂളിലെ വെടിവയ്പ്പ് ഉടൻ ഉണ്ടാകുമെന്ന് യെ പറയുന്നുണ്ട്. ഒരു പ്രാദേസിക മാനസികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയിലുണ്ടായിരുന്ന സമയത്താണ് അജ്ഞാത വ്യക്തി അലക്സ് യെയെ പരിചയപ്പെടുന്നത്.
“അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പ്” എന്നാണ് യെ 129 പേജുകളുള്ള രേഖയെക്കുറിച്ച് പരാമർശിച്ചത്. ഇത് ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞതായി വാറന്റിൽ വ്യക്തമാക്കുന്നു.
“രേഖയിൽ, സ്കൂളിൽ വെടിവയ്പ്പ് നടത്തുന്നതിനെ കുറിച്ച് യെ എഴുതുന്നു, അത് എങ്ങനെ നടപ്പാക്കണമെന്ന് തന്ത്രം മെനയുന്നു. ഒരു എലിമെൻ്ററി സ്‌കൂളിനെ ലക്ഷ്യം വയ്ക്കുന്നതിനെ കുറിച്ചും യെ ആലോചിക്കുന്നു, താൻ പ്രശസ്തനാകാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു,” MCPD വാർത്താക്കുറിപ്പിൽ പറഞ്ഞു.
യെ മോണ്ട്‌ഗോമറി കൗണ്ടി സെൻട്രൽ പ്രോസസിംഗ് യൂണിറ്റിൽ ബോണ്ട് ഹിയറിംഗിനായി തുടരുകയാണ്. ഇയാൾക്ക് അഭിഭാഷകനുണ്ടോ എന്ന് വ്യക്തമല്ല.