
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.
കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.
കാട്ടാനകള്‍ നാട്ടിലിറങ്ങി ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം പാലക്കാട് മലമ്പുഴ, വാളയാര്‍ മേഖലകളില്‍ തുടര്‍കഥയാണ്. ഇവിടുത്തെ അവസ്ഥ അധികൃതര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മുകേഷിന്റെ ദാരുണാന്ത്യം. ആനകള്‍ പുഴ മുറിച്ചുകടക്കുന്ന വീഡിയോ പകര്‍ത്തുകയായിരുന്നു. ആനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കാട്ടുകൊമ്പന്‍ പെട്ടെന്ന് മുകേഷ് ക്യാമറയുമായി നിന്ന ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. മുകേഷും ഒപ്പമുണ്ടായിരുന്നവരും രക്ഷപ്പെടാനായി ഓടിയെങ്കിലും ഓട്ടത്തിനിടയില്‍ കാല്‍ വഴുതി മുകേഷ് വീണുപോയി. പിന്നീട് ആന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുകേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെടുന്നവരിലേക്ക് ക്യാമറ കൂടുതല്‍ സമയം തുറന്നുവെക്കാന്‍ ആഗ്രഹിച്ച ഒരു ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു മുകേഷ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മാതൃഭൂമി ഓണ്‍ലൈനിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് നിരവധി ലേഖകനങ്ങള്‍ മുകേഷ് എഴുതിയിട്ടുണ്ട്.
Photo journalist killed in a Wild elephant attack in kerala