ഓവർടേക്കിനിടെ അശ്ലീല ആംഗ്യം കാണിച്ചു, അതാണ് ചോദ്യം ചെയ്തതതെന്നും ആര്യ; മോശമായി പെരുമാറിയത് മേയറെന്ന് ഡ്രൈവർ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ നടന്ന വാക്‌പോര് പുതിയ തലത്തിലേക്ക്. ഓവർടേക്ക് ചെയ്യുന്നതിനിടെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്തതെന്നാണ് ആര്യ പറയുന്നത്. ഏറെനേരം ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതിരുന്ന ഡ്രൈവർ യദു, കാർ ബസിനെ മറികടക്കുമ്പോൾ കണ്ണിറുക്കി കാണിച്ചെന്നും ശേഷം കൈയും നാവും ഉപയോഗിച്ച് ലൈംഗിക ചേഷ്ട കാട്ടിയെന്നും മേയർ ആരോപിച്ചു. സ്ത്രീയെന്ന നിലയിൽ അപമാനം നേരിട്ടതുകൊണ്ടാണ് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ വച്ച് വണ്ടി തടഞ്ഞുനിർത്തി ഇത് ചോദ്യം ചെയ്തതെന്നും ആര്യ രാജേന്ദ്രൻ വിശദീകരിച്ചു. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയും ഒപ്പമുള്ളപ്പോയായിരുന്നു സംഭവം നടന്നത്. ഡൈവ്രർ എൽ എച്ച് യദുവിനെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് നാളെ നേരിട്ട് പരാതി നൽകുമെന്ന് സച്ചിൻദേവ് എം എൽ എയും വ്യക്തമാക്കി.

അതേസമയം മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും രംഗത്തെത്തിയിട്ടുണ്ട്. ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണ്. ശേഷം പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വച്ച് കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞുനിര്‍ത്തി ഒരു യുവാവ് ചാടിയിറങ്ങി മോശമായി പെരുമാറിയെന്നും യദു വിവരിച്ചു. തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചു കൊണ്ടായിരുന്നു ആക്രോശമെന്നും അപ്പോഴാണ് താനും തിരിച്ചുപറഞ്ഞതെന്നും യദു കൂട്ടിച്ചേർത്തു. മേയറും എംഎൽഎയുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും യദു വ്യക്തമാക്കി.