
മെക്സിക്കോ: ഏകദേശം 22 ദശലക്ഷത്തോളം ജനങ്ങളുള്ളതും ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമായ മെക്സിക്കോ സിറ്റി കടുത്ത ജലപ്രതിക്ഷാമം നേരിടുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും താറുമാറായ നഗരവികസനവും അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള കുരുക്കുകള്‍ക്കിടയിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളാല്‍ സങ്കീര്‍ണ്ണമായ ജലക്ഷാമവും മെക്‌സിക്കോ നഗരത്തെ വരിഞ്ഞു മുറുക്കുന്നത്.
മൂന്ന് മാസത്തിലേറെയായി ശരിയായ കുടിവെള്ളമില്ലാതെ മെക്‌സിക്കോയില്‍ താമസിക്കുന്ന അലജാന്‍ഡ്രോ ഗോമസ് അടക്കം ജലക്ഷാമത്തിന്റെ പിടിയിലാണ്. പലരും വെള്ളം ശേഖരിക്കാന്‍ വലിയ ടാങ്ക് ഇല്ലാത്തതിനാല്‍ ഉള്ളതില്‍ മാത്രം ശേഖരിക്കുന്നു. അഥും പരിമിതമായ അളവില്‍ മാത്രം. ചിലപ്പോള്‍ പൈപ്പ് വഴി ലഭിക്കുന്ന വെള്ളം വളരെ ശക്തി കുറഞ്ഞതും മണിക്കൂറുകള്‍ക്കൊണ്ട് ഒന്നോ രണ്ടോ ബക്കറ്റുകള്‍ മാത്രം നിറയ്ക്കാനും കഴിയുന്നതായിരിക്കും.
മെക്‌സിക്കോ സിറ്റിയില്‍ ഇപ്പോള്‍ ചൂടുള്ള കാലാവസ്ഥയാണ് ലഭിക്കുന്നത്. ഇത് ജലക്ഷാമത്തെയും ജന ജീവിതത്തെയും വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്. വര്‍ഷങ്ങളായി അസാധാരണമാംവിധം കുറഞ്ഞ മഴയും ദൈര്‍ഘ്യമേറിയ വരണ്ട കാലാവസ്ഥയും ഉയര്‍ന്ന താപനിലയും ജലത്തിന്റെ വര്‍ദ്ധിച്ച ആവശ്യകതയിലേക്കാണ് വഴിമാറുന്നത്. അതേസമയം, ജലസംഭരിണികളില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന് കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ നിര്‍ബന്ധിതരായ സ്ഥിതിക്ക് മെക്‌സിക്കോ നഗരം രൂക്ഷമായി ജലക്ഷാമത്തിലേക്ക് വഴുതി വീഴുകയാണ്.
പല അയല്‍ നഗരങ്ങളും ആഴ്ചകളോളം വെള്ളത്തിന്റെ അഭാവം മൂലം കഷ്ടപ്പെടുന്നുവെന്നും മഴ ആരംഭിക്കാന്‍ ഇനിയും നാല് മാസങ്ങള്‍ കാത്തിരിക്കണമെന്നും നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഡൊമിംഗ്യൂസ് സാര്‍മിയന്റോ പറയുന്നു.
മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നഗരം വീണുപോകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജനസാന്ദ്രതയേറിയ മെക്‌സിക്കോ സിറ്റി സമുദ്രനിരപ്പില്‍ നിന്ന് 7,300 അടി ഉയരത്തിലാണ് വ്യാപിച്ചുകിടക്കുന്നത്. കളിമണ്ണാല്‍ സമ്പന്നമായ മണ്ണിലാണ് ഈ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. അത് ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ളതും കാലാവസ്ഥാ വ്യതിയാനംകൊണ്ട് വളരെ ദുര്‍ബലവുമാണ് മെക്‌സിക്കോ. ഇന്ന് ഒരു മെഗാസിറ്റി നിര്‍മ്മിക്കാന്‍ ആരെങ്കിലും തിരഞ്ഞെടുക്കുന്ന അവസാന സ്ഥലങ്ങളില്‍ ഒന്നായിരിക്കാം മെക്‌സിക്കോ എന്നും വിലയിരുത്തപ്പെടുന്നു.
ധാരാളം തടാകങ്ങളുള്ള ഒരിടമായിരുന്നു ഒരിക്കല്‍ ഇവിടം. 1325 ടെനോച്ചിറ്റ്‌ലാന്‍ നഗരം നിര്‍മ്മിക്കാന്‍ ആസ്‌ടെക്കുകള്‍ ഈ സ്ഥലം തിരഞ്ഞെടുത്തു. അവര്‍ ഒരു ദ്വീപില്‍ നിര്‍മ്മിച്ച നഗരം പിന്നീട് പുറത്തേക്ക് വികസിപ്പിച്ചു. ജല ആവശ്യത്തിനായി കനാലുകളുടെയും പാലങ്ങളുടെയും ശൃംഖലകള്‍ നിര്‍മ്മിച്ചു. എന്നാല്‍ 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്പാനിഷുകാര്‍ എത്തിയപ്പോള്‍, അവര്‍ നഗരത്തിന്റെ ഭൂരിഭാഗവും തകര്‍ത്തു, തടാകത്തടം വറ്റിച്ചു, കനാലുകള്‍ നികത്തുകയും വനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. ”നഗരം അഭിവൃദ്ധി പ്രാപിക്കാന്‍ വെള്ളത്തെ ഒരു ശത്രുവായി അവര്‍ കണ്ടു,” ഡിസൈന്‍ ആന്‍ഡ് പോളിസി റിസര്‍ച്ച് ഓര്‍ഗനൈസേഷനായ ഗ്രൗണ്ട്‌ലാബിന്റെ ആര്‍ക്കിടെക്റ്റും കോ-ഡയറക്ടറുമായ ജോസ് ആല്‍ഫ്രെഡോ റാമിറെസ് പറഞ്ഞു.
അവരുടെ തീരുമാനം മെക്‌സിക്കോ സിറ്റിയുടെ ആധുനിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി. തണ്ണീര്‍ത്തടങ്ങളും നദികളും കോണ്‍ക്രീറ്റും അസ്ഫാല്‍റ്റും സ്ഥാപിച്ചു. മഴക്കാലത്ത് വെള്ളപ്പൊക്കമാണ്. വരണ്ട സീസണില്‍, അത് ജലക്ഷാമത്തെ നഗരത്തിന്റെ ഏറ്റവും വലിയ ശത്രുവാക്കുന്നു. മെക്‌സിക്കോ നഗരത്തിലെ വെള്ളത്തിന്റെ 60% ഭൂഗര്‍ഭ ജലാശയത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ഇത് അമിതമായി വേര്‍തിരിച്ചെടുത്തതിനാല്‍ നഗരം ഭയാനകമായ നിരക്കില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സമീപകാല ഗവേഷണമനുസരിച്ച് ഏകദേശം 20 ഇഞ്ച് മുങ്ങുന്നുവെന്നാണ് മനസിലാക്കാനാകുന്നത്. മാത്രമല്ല, നികത്തപ്പെടുന്നില്ല. മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിനുപകരം നഗരത്തിന്റെ കടുപ്പമുള്ളതും കടക്കാനാവാത്തതുമായ പ്രതലങ്ങളിലേക്കാണ് എത്തുന്നത്.
നഗരത്തിലെ ബാക്കിയുള്ള വെള്ളം നഗരത്തിന് പുറത്തുള്ള സ്രോതസ്സുകളില്‍ നിന്ന് അവിശ്വസനീയമാംവിധം കാര്യക്ഷമമല്ലാത്ത പ്രക്രിയയിലൂടെയാണ് പമ്പ് ചെയ്യപ്പെടുന്നത്. ഈ സമയത്ത് ഏകദേശം 40% വെള്ളം ചോര്‍ച്ചയിലൂടെ നഷ്ടപ്പെടുന്നുവെന്നതും വ്യാപകമായ പരാതികളിലൊന്നാണ്.