
കണ്ണൂര്‍: കണ്ണൂരിൽ നാടിനെ ഞെട്ടിച്ച് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരില്‍ കാണാതായിരുന്ന ഒരു യുവതിയെയാണ് ആദ്യം അന്നൂരിലെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതമംഗലം സ്വദേശി അനിലയാണ് മരിച്ചത്. ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സുദര്‍ശന്‍ എന്ന ഷിജുവിനെ പിന്നീട് മറ്റൊരിടത്തും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കി.മീ അകലെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹം ലഭിച്ചതോടെ സംഭവത്തിൽ ദുരൂഹതയേറിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അനിലയെ കൊലപ്പെടുത്തിയ ശേഷം സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ച് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഞായറാഴ്ച വീട്ടുടമ ഷിജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ബന്ധുവിനെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് അനിലയുടെ മൃതദേഹം അടുക്കളയ്ക്ക് സമീപം കണ്ടെത്തിയത്.
ഇവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട് മരണത്തിലും ദുരൂഹതകള്‍ ഏറെയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.
Missing woman and young man dead body found in kannur









