മിസോറിയില്‍ കനത്ത മഴയെത്തുടര്‍ന്ന് മിന്നല്‍ പ്രളയം, രണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം

തെക്കന്‍ മിസോറിയില്‍ രണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് മരിച്ചു. ഇരച്ചെത്തിയ വെള്ളത്തില്‍ ഇവരുണ്ടായിരുന്ന വാഹനം ഒഴുകിപ്പോകുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മിസോറിയില്‍ ഇതോടെ അഞ്ചുപേരാണ് മരിച്ചത്.

റൈറ്റ് കൗണ്ടിയില്‍, ചൊവ്വാഴ്ച പുലര്‍ച്ചെ 4:30 ഓടെ ബീവര്‍ ക്രീക്കില്‍ വെള്ളപ്പൊക്കത്തില്‍ 70 വയസ്സുള്ള ഒരു പുരുഷനും 73 വയസ്സുള്ള ഒരു സ്ത്രീയും സഞ്ചരിച്ച വാഹനങ്ങള്‍ ഒഴുകിപ്പോയതായി മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ അറിയിച്ചു. നാല് മണിക്കൂറിലേറെ കഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.