വീണ്ടും ‘മണി’പ്രവാളം ; ഇത്തവണ ഇര ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

കട്ടപ്പന: മുൻ മന്ത്രിയും സിപിഎം ഉടുമ്പന്‍ചോല എംഎൽയുമായ എം.എം മണിയുടെ നാക്കു കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാരും സിപിഎമ്മും. നാട്ടു വഴക്കമാണ് എന്ന് സിപിഎം ചിരിച്ചു തള്ളുമ്പോളും മണി ഉണ്ടാക്കുന്ന പരിസര മലിനീകരണം ചെറുതൊന്നുമല്ല. അദ്ദേഹത്തിന്റെ പുതിയ ഇര ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. അദ്ദേഹത്തിന്റെ ‘ബ്ലഡി റാസ്കൽസിനെ’ ബഹുദൂരം പിന്നിലാക്കി മണി ആശാൻ. ഭൂപതിവ് ബില്ലില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ നാറിയാണെന്ന് കട്ടപ്പനയിലെ എല്‍.ഡി.എഫ്. പൊതുയോഗത്തില്‍ എം.എല്‍.എ. പറഞ്ഞത്.

ബില്ലില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ്. ഇടുക്കി ജില്ലാകമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെ അതേദിവസം ആരിഫ് മുഹമ്മദ് ഖാനെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ വിമര്‍ശനം ഉന്നയിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

‘ഒമ്പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുന്നില്ല. നിങ്ങള് എല്ലാവരും കൂടെ തിരഞ്ഞെടുത്ത് അയച്ചതല്ലേ ജനപ്രതിനിധികളെ. അവര് പാസാക്കിയതാ നിയമം. അത് ഒപ്പിടാത്ത നാറിയെ നിങ്ങള്‍ കച്ചവടക്കാര്‍ പൊന്നുകൊണ്ട് പുളിശ്ശേരി വച്ച് സ്വീകരിക്കുകയെന്ന് പറഞ്ഞാല്‍, ശുദ്ധമര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. ഇവിടുത്തെ ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാര്‍? അതോ നിങ്ങള്‍ ഭൂട്ടാനില്‍നിന്ന് വന്നതാണോ ? ഇത് ശരിയല്ല, ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമില്ല’, എം.എം. മണി പറഞ്ഞു.

ഭൂപതിവ് നിയമം ഒപ്പിടാത്ത ഗവര്‍ണര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഇടുക്കിയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന നാലാം തരത്തിലെ അഞ്ചാംതരം പണി, ഒരുമാതിരി പെറപ്പ് പണിയാണെന്നാണ് എന്റെ അഭിപ്രായം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide