ബ്രിട്ടനിലെ അധികാരമാറ്റത്തിൽ പ്രതികരിച്ച് മോദി; കെയര്‍ സ്റ്റാര്‍മർക്ക് അഭിനന്ദനം, ഋഷി സുനക്കിന് നന്ദി

ന്യൂഡല്‍ഹി: ബ്രിട്ടണ്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലേബര്‍ പാര്‍ട്ടി നേതാവുമായുള്ള നല്ല സഹകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ പൊതുതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിന് കയര്‍ സ്റ്റാര്‍മറിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. പരസ്പര വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന, എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അതേസമയം, സ്ഥാനം ഒഴിഞ്ഞ ഋഷി സുനകിനെയും മോദി കുറിപ്പില്‍ ഓര്‍മ്മിച്ചു. സ്തുത്യര്‍ഹമായ നേതൃത്വത്തിനും ഇന്ത്യ-യുകെ ബന്ധം ആഴത്തിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കും നന്ദി പറഞ്ഞു.

‘യുകെയിലെ നിങ്ങളുടെ പ്രശംസനീയമായ നേതൃത്വത്തിനും നിങ്ങളുടെ ഭരണകാലത്ത് ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ നിങ്ങള്‍ നല്‍കിയ സജീവ സംഭാവനയ്ക്കും നന്ദി എന്നും നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ എന്നുമാണ് മോദി പറഞ്ഞത്.

ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിന് പുറത്തായിരുന്ന ലേബര്‍ പാര്‍ട്ടി ഹൗസ് ഓഫ് കോമണ്‍സില്‍ 326 സീറ്റുകള്‍ എന്ന കേവല ഭൂരിപക്ഷവും മറി കടന്നാണ് ഭരണമാറ്റത്തിലേക്ക് ചുവടുവെച്ചത്.