
ന്യൂഡൽഹി: രാജ്യത്തെ ഉൽപ്പാദന മേഖലയിൽ ആവശ്യത്തിലധികം ഉൽപ്പാദനം നടക്കുന്നുണ്ടെന്ന അമേരിക്കയുടെ ആരോപണങ്ങൾ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ഒരു മേഖലയിലും ഘടനാപരമായ അധിക ഉൽപ്പാദനശേഷി ഇന്ത്യക്കില്ലെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ ഉൽപ്പാദനശേഷിയെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യു.എസ്.ടി.ആർ) നടത്തിയ അന്വേഷണ റിപ്പോർട്ടിനോടും തുടർനടപടികളോടും പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. യുഎസ് ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരം യു.എസ്.ടി.ആർ പുറപ്പെടുവിച്ച നോട്ടീസ് സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. എട്ട് മാസം നീണ്ട അന്വേഷണത്തിലുടനീളം ഇന്ത്യ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും, വ്യാപാര സംബന്ധമായ ആശങ്കകൾ നിലവിലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ (BTA) ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യു.എസ്.ടി.ആർ പുറത്തിറക്കിയ 189 പേജുള്ള റിപ്പോർട്ടിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’, ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്’ (PLI) തുടങ്ങിയ കേന്ദ്ര പദ്ധതികളെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വിപണിയിലെ ആവശ്യകതയേക്കാൾ കൂടുതൽ ഉൽപ്പാദനം നടത്തി അമേരിക്കൻ വിപണിക്ക് ഭീഷണിയാകുന്ന തരത്തിലാണ് ഇന്ത്യയുടെ നയങ്ങളെന്നാണ് യുഎസ് ആരോപണം. ജിഡിപിയിൽ ഉൽപ്പാദന മേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്താൻ ഇന്ത്യ ശ്രമിക്കുമ്പോൾ 500 ബില്യൺ ഡോളറിന്റെ അധിക ഉൽപ്പാദനം ഉണ്ടാകുമെന്നും റിപ്പോർട്ട് കണക്കുകൂട്ടുന്നു.
എന്നാൽ, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിർണ്ണായക അസംസ്കൃത വസ്തുക്കൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതെന്ന് ഇന്ത്യ മറുപടി നൽകി. സർക്കാർ നിർദ്ദേശപ്രകാരമല്ല, വിപണിയിലെ ഓർഡറുകൾക്ക് അനുസരിച്ചാണ് ഉൽപ്പാദനം നടക്കുന്നത്. നേരത്തെ മിൽവാക്കിയിൽ നടന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
25% വരെ അധിക തീരുവ നിർദ്ദേശം; മരുന്നുകൾക്ക് ഇളവ്
അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ അധിക തീരുവ ചുമത്താൻ യു.എസ്.ടി.ആർ നിർദ്ദേശിച്ചിട്ടുണ്ട്. സ്റ്റീൽ, സോളാർ, ആരോഗ്യം, ഐ.ടി (ICT) എന്നീ മേഖലകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഇന്ത്യയിലെ തൊഴിൽ നിയമങ്ങളെയും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.
എന്നാൽ, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് ആശ്വാസമായി ജനറിക് മരുന്നുകൾ, പേറ്റന്റ് നേടിയ മരുന്നുകൾ, മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എന്നിവയെ ഈ അധിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2025 ഫെബ്രുവരി മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അമേരിക്കയുമായി വ്യാപാര കരാറിൽ ഒപ്പുവെച്ചാൽ നിർദ്ദിഷ്ട 25% തീരുവ 17 ശതമാനമായി കുറയാൻ സാധ്യതയുണ്ട്. പുതിയ തീരുവ നിർദ്ദേശങ്ങളിൽ 2027 ജനുവരി 5 വരെ അഭിപ്രായങ്ങൾ അറിയിക്കാം. ജനുവരി 25-ന് ഇതുസംബന്ധിച്ച ഹിയറിംഗുകൾ ആരംഭിക്കും.
‘No overproduction’ in India; Centre rejects US report, moves to seek resolution through a trade agreement.















