ധ്യാനം കഴിഞ്ഞെത്തിയ മോദിയെ കാത്തിരുന്നത് സന്തോഷവാര്‍ത്ത; ‘ഇന്ത്യ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്‌തെന്ന്’ മോദി

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയില്‍ രണ്ടുദിവസങ്ങളിലായി 45 മണിക്കൂറോളം ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരത്തോടെയാണ് ഡല്‍ഹിക്ക് തിരിച്ചു പോയത്. ധ്യാനത്തിനു ശേഷം മോദിയെ കാത്തിരുന്നത് ഇന്ത്യയുടെ അധികാരം മോദിയുടെ കയ്യില്‍ത്തന്നെ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളായിരുന്നു. ചുരുക്കം പറഞ്ഞാല്‍ ധ്യാനം കഴിഞ്ഞെത്തിയ മോദിക്ക് ലഭിച്ച സന്തോഷകരമായ വാര്‍ത്തായായിരുന്നു ഇത്.

സന്തോഷം പങ്കുവെച്ച് മോദി ട്വീറ്റുമായി എത്തി. നന്ദി അറിയിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തുവെന്നും മോദി കുറിച്ചു. വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തുകയും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നിര്‍ണായക ജനവിധിയെ പ്രതിഫലിപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ‘ഇന്ത്യ വോട്ട് ചെയ്തു! അവരുടെ വോട്ടവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. സജീവമായ പങ്കാളിത്തം നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വോട്ടറുടെ പ്രതിബദ്ധതയും അര്‍പ്പണബോധവും നമ്മുടെ രാജ്യത്ത് ജനാധിപത്യ ചൈതന്യം വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നു,’ എന്നും മോദി കുറിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ വോട്ടര്‍മാരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സന്ദേശമായിരുന്നു മോദി പങ്കുവെച്ചത്.

അതേസമയം, ധ്യാനത്തിന്റെ പേരില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് പാത്രമായ മോദിക്ക് ഇത് ഇരട്ടി സന്തോഷമാണ് നല്‍കുന്നത്. ഫോട്ടോ ഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും അടങ്ങുന്ന സംഘമാണ് മോദിയുടെ ധ്യാന ദൃശ്യങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ ഒപ്പമുണ്ടായിരുന്നത്. കോണ്‍ഗ്രസ് വലിയ രീതിയിലാണ്, ധ്യാനത്തിനെത്തിയ മോദിയെ വിമര്‍ശിച്ചത്. മോദയുടെ ധ്യാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള മോദിയുടെ നീക്കമാണിതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏകാഗ്രമായിരിക്കൂ മോദിജീ, ഫോണ്‍ ദൂരെ മാറ്റിവയ്ക്കൂ എന്നും കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നടത്തുന്ന ധ്യാനം വിലക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തി. ധ്യാനം തിരഞ്ഞെടുപ്പ് പ്രചാരണമായി കാണാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide