
ന്യുഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. വ്യക്തി ജീവിതത്തില്‍ മോദി ഒരിക്കലും രാമനെ പിന്തുടര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ ദശകത്തില്‍ മോദി പ്രധാനമന്ത്രി എന്ന നിലയില്‍ രാമരാജ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും സ്വാമി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പൂജയില്‍ മോദിയുടെ സ്ഥാനം പൂജ്യമാണെന്നും പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണെന്നിരിക്കെയാണ് മോദി പ്രാണ പ്രതിഷ്ഠാ പൂജയിലേക്ക് കടന്നത്. സ്വന്തം ജീവതത്തില്‍ മോദി ഒരിക്കലും ഭഗവാന്‍ രാമനെ പിന്തുടര്‍ന്നിട്ടില്ല, പ്രത്യേകിച്ചും ഭാര്യയോടുള്ള പെരുമാറ്റം എന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കുറിച്ചു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും എന്ന് നേരത്തേയും സുബ്രഹ്‌മണ്യന്‍ സ്വാമി വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.