
ചെന്നൈ: ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകളും പരാതികള്‍ക്കുമേല്‍ പരാതിയും ആരോപണങ്ങള്‍ക്കുമേല്‍ ആരോപണവുമായി ഹേമാക്കമ്മറ്റി റിപ്പോര്‍ട്ടു മാറുന്നതിനിടെ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ നടി രാധിക ശരത്കുമാര്‍ സിനിമാ ഷൂട്ടിംഗ് സെറ്റിലെ ഒളി ക്യാമറാ വിഷയം വെളിച്ചത്ത് എത്തിച്ചത്. കാരവാനില്‍ ഒളികാമറ ഉപയോഗിച്ച് നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ തന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മോഹന്‍ലാല്‍ വിളിച്ചിരുന്നെന്ന് നടി രാധിക ശരത് കുമാര്‍ പറയുന്നു. തന്റെ സെറ്റിലാണോ സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ ചോദിച്ചതായും രാധിക വ്യക്തമാക്കി.
സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളൊന്നും ലൊക്കേഷനിലില്ലായിരുന്നതായും സെറ്റിലുണ്ടായിരുന്നവരാണ് ഒളികാമറാ ദൃശ്യങ്ങള്‍ കണ്ടിരുന്നതെന്നും നടി പറഞ്ഞു. അന്ന് താന്‍ ബഹളം വച്ചതായും അധികൃതരെ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം നടിയുടെ വെളിപ്പെടുത്തലില്‍ കേരള പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. നടിമാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഫോണിലൂടെ നടിയുടെ മൊഴിയെടുത്തത്.