
മലപ്പുറം: അമിതാധികാരത്തിനെതിരെ എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടത് വിരുദ്ധതയുള്ളവര്‍ അതിനെ സിപിഐഎമ്മിന് എതിരെയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ രാജ്യത്തിന്റെ മുഖം മാറിയേനെയെന്നും ജയരാജന്‍ പറഞ്ഞു.
ഇന്ത്യന്‍ ഗവണ്‍മെന്റിനെതിരെയുള്ള കുന്തമുനയാണ് എം ടിയുടെ പ്രസംഗമെന്നും ഇടത് വിരുദ്ധതയുള്ളവര്‍ അതിനെ സിപിഐഎമ്മിന് എതിരെയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇപി പറഞ്ഞു. കെഎല്‍എഫ് ഉദ്ഘാടന വേദിയിലായിരുന്നു എം ടിയുടെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ടാണ് അമിതാധികാരത്തിനെതിരെ എംടി സംസാരിച്ചത്.
അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. നേതൃപൂജകളില്‍ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും അധികാരത്തിലുള്ളവര്‍ അത് ഉള്‍ക്കൊള്ളണമെന്നും എംടി ചൂണ്ടിക്കാണിച്ചു. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം. വിപ്ലവം നേടിയ ജനാവലി ആള്‍ക്കൂട്ടം ആയി മാറുന്നു. ഈ ആള്‍ക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമര്‍ശനവും എം ടി ഉന്നയിച്ചിരുന്നു.















