
കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും നോവായി മുണ്ടക്കൈയ്യും ചൂരല്‍മലയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 200 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും മരണ സംഖ്യ ഇതില്‍ നിന്നും വിദൂരമാകാം.
മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാനപ്പെട്ട രണ്ട് വാര്‍ഡുകളാണ് മുണ്ടക്കൈയും ചൂരല്‍ മലയും. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് മുണ്ടകൈയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
മുണ്ടക്കൈയില്‍ 900 വോട്ടര്‍മാരും ചൂരല്‍മലയില്‍ 855 വോട്ടര്‍മാരുമാണ് ഉള്ളത്. കുട്ടികള്‍, എസ്റ്റേറ്റ് തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍, റിസോര്‍ട്ട് ജീവനക്കാര്‍, അതിഥികള്‍ എന്നിവര്‍ ഒഴികെയുള്ള കണക്കാണിത്. മുണ്ടക്കൈയില്‍ എട്ട് എസ്റ്റേറ്റുകളുണ്ട്. ഇതില്‍ പുഞ്ചിരിമട്ടത്തെയും വെള്ളരിമലയിലെയും മിക്കവാറും കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയി. ചൂരല്‍മല വാര്‍ഡില്‍ 599 കെട്ടിടങ്ങളാണ് ഉള്ളത്.
ബന്ധുക്കള്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 225 പേരെ കണ്ടെത്താനുണ്ട്. ദുരന്തത്തിന്റെ ആഘാതം കണത്തിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.