
വാഷിംഗ്ടൺ: നാല് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് ചൊവ്വയിലേക്ക് പോകാനാകുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചക്ക് ഇടയാക്കുന്നു. 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സിറ്റിയാകുമെന്നും മനുഷ്യര്‍ക്ക് അവിടെ പോയി താമസിക്കാനാകുമെന്നും മസ്‌ക് എക്‌സിലൂടെ പറഞ്ഞതോടെയാണ് ചർച്ച തുടങ്ങിയത്. ബഹിരാകാശം സ്വപ്‌നം കാണുന്ന സകലര്‍ക്കും ഈ പ്രസ്താവന കൗതുകവും അമ്പരപ്പും സമ്മാനിച്ചെങ്കിലും നടക്കാത്ത സുന്ദര സ്വപ്‌നമെന്നാണ് ഒരു കൂട്ടം പേരുടെ പരിഹാസം. മസ്‌ക് അങ്ങനെ ചുമ്മാ പറഞ്ഞിട്ട് പോകുന്ന ആളൊന്നുമല്ലെന്നാണ് മസ്‌കിന്റെ സോഷ്യൽ മീഡിയയിലെ ആരാധകക്കൂട്ടം പറയുന്നത്.
ചൊവ്വയിലേക്കുള്ള ആദ്യ വിക്ഷേപണം ആറ് വര്‍ഷത്തിനുള്ളില്‍ നടത്താനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി 2016ല്‍ മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ വിക്ഷേപണം നടത്താനുള്ള ഹെവി റോക്കറ്റ് ഇപ്പോഴും ആശയമായി നില്‍ക്കുന്നതല്ലാതെ നിര്‍മാണവും മറ്റ് പ്രവര്‍ത്തനങ്ങളും ഒരടി മുന്നോട്ടുനീങ്ങിയിട്ടില്ല. ചൊവ്വയില്‍ കോളനി സ്ഥാപിക്കാനും ഇതിനായി സ്വന്തം ബീജത്തെ ഉള്‍പ്പെടെ ഉപയോഗിക്കാനും ചൊവ്വയുടെ ഉപരിതലത്തില്‍ ടെസ്ല ട്രക്കുകള്‍ ഓടിക്കാനുമുള്ള മസ്‌കിന്റെ ആഗ്രഹങ്ങളുടെ ബാക്കിപത്രമായിട്ട് മാത്രം പുതിയ പ്രസ്താവനയെ കണ്ടാല്‍ മതിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്. എന്നാൽ മറ്റു ചിലർ പറയുന്നത് മസ്ക് ഒന്നും ചിന്തിക്കാതെ പറയില്ലെന്നാണ്. മസ്കിന്‍റെ ആശയം ചിന്തിക്കേണ്ടതാണെന്നും അവർ വാദിക്കുന്നു.















