
നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (നൈന) ഒൻപതാമത് ദ്വൈവാർഷിക കോൺഫറൻസ് ന്യൂയോർക്കിലെ ആൽബനിയിൽ നടന്നു. ‘സിനർജി ഇൻ ആക്ഷൻ: ഇന്നൊവേഷൻ, ടെക്‌നോളജി, കൊളാബറേഷൻ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
നൈന പ്രസിഡന്റ് സുജ തോമസ്, ദേശീയ കൺവീനർ താര ഷാജൻ, ചാപ്റ്റർ കൺവീനർ ഡോ. അമ്പിളി നായർ എന്നിവരുടെ ശ്രമഫലമായി രാജ്യത്തുടനീളമുള്ള 250-ലധികം നഴ്‌സുമാരെയും ആരോഗ്യപരിപാലന വിദഗ്ധരെയും ഒരുമിച്ച് ഈ പരിപാടിയിൽ എത്തിക്കാൻ സാധിച്ചു.
വാഷിങ്ടൻ ഡിസിയിലെ നഴ്‌സിങ് സർവീസസ് ഓഫിസിലെ എവിഡൻസ് ബേസ്ഡ് പ്രാക്ടീസ് അസോസിയേറ്റ് ഡയറക്ടർ കോളിൻ വാൽഷ്-ഇർവിൻ മുഖ്യ പ്രഭാഷണം നടത്തി. പിറ്റേന്ന് എഎൻഎ ചീഫ് നഴ്‌സിങ് ഓഫിസർ ഡെബ്ബി ഹാറ്റ്മേക്കറും പ്രസംഗിച്ചു.
ടെലിമെഡിസിൻ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ രോഗി പരിചരണരംഗത്ത് പുതിയ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് കോൺഫറൻസ് ചർച്ച ചെയ്തു. രോഗികളുടെ ആവശ്യങ്ങൾ പ്രവചിക്കുന്നതിനും പരിചരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ സഹായിക്കുമെന്നും ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്‌സ്, റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങളും ചർച്ചചെയ്തു.
നൈനയുടെ 9-ാമത് കോൺഫറൻസിൽ, വിദ്യാ കനകരാജ് അവാർഡുകളും സ്‌കോളർഷിപ്പും പ്രഖ്യാപിച്ചു. ഇന്ത്യയിലെ 11 ബിരുദ വിദ്യാർഥികൾക്കും അമേരിക്കയിലെ ഒരു ഡോക്ടറൽ വിദ്യാർഥിക്കും സ്‌കോളർഷിപ്പ് നൽകി. ∙ അവാർഡ് ജേതാക്കൾ: ലെഗസി ഓഫ് കെയറിങ് അവാർഡ്: സാന്ദ്ര ഇമ്മാനുവൽ, നൈറ്റിംഗേൽ അവാർഡ്: ബ്രിഡ്ജറ്റ് വിൻസെന്റ് , അഡ്വാൻസ്ഡ് പ്രാക്ടീസ് റജിസ്റ്റർഡ് നഴ്‌സ് അവാർഡ്: ആൻ ലുക്കോസ്, ഔട്‍സ്റ്റാൻഡിങ് അക്കാദമിക് പെർഫോമൻസ് അവാർഡ്: ആന്റോ പോൾ, മികച്ച ചാപ്ടറായി അരിസോന ചാപ്ടർ ആദരിക്കപ്പെട്ടു.
പ്രസിഡന്റ്: ഉമാ വേണുഗോപാൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: ലിഫി ചെറിയാൻ, വൈസ് പ്രസിഡന്റ്- താരാ ഷാജൻ, ട്രഷറർ- ഡോ. ഷീല സാജൻ, സെക്രട്ടറി- ഡോ. മുനീറ വെൽസ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Naina’s 9th Biennial Conference concludes in Albany
















