
നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ ഏറ്റവും പുതിയ ചാപ്റ്ററായ ഒര്‍ലാണ്ടോ റീജിയണല്‍ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഒറീനാ) യുടെ ഔപചാരികമായ ഉത്ഘാടനകര്‍മ്മം ഈ മാസം 24 നു പ്രൗഢഗംഭീരമായി നടത്തി.
ആരോഗ്യരംഗത്തെ വിവിധമേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ വിന്റര്‍ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ട ചടങ്ങില്‍ ഷെപ്പേര്‍ഡ്‌സ് ഹോപ്പിന്റെ പ്രസിഡന്റായ ശ്രീമതി ഡോണാ വാല്‍ഷ് മുഖ്യതിഥിയായിരുന്നു. റിറ്റി ജോസഫും സ്മിത ആന്റണിയും അവതാരകരായിരുന്നു. ഏബെല്‍ സോണിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങില്‍ അഭിയ ജേക്കബ് അമേരിയ്ക്കന്‍ ദേശീയഗാനവും ഒറീനയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.
ഒറീനാ പ്രസിഡന്റായ സ്മിതമോള്‍ ഗ്രീഗോറിയോസ് തോമസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികളും എക്സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ഒറിനായുടെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായ മേരി രാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് സ്മിതമോള്‍ ഗ്രീഗോറിയോസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബീനു ലിജോ, വൈസ് പ്രസിഡന്റ് ഷിനുമോള്‍ സാബു, സെക്രട്ടറി ഡോ. ഷൈനി അലക്സ് ജേക്കബ്, ട്രഷറര്‍ റിറ്റി ജോസഫ് എന്നിവര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും സാബു ആന്റണി (ബൈലോ), മേരി രാജന്‍ (ഇലെക്ഷന്‍), റെനി ജോസഫ് (അഡ്വാന്‍സ്ഡ് പ്രാക്ടിസ് പ്രൊവൈഡര്‍/APP) സ്മിതാ മാത്യൂസ് (കമ്മ്യൂണികേഷന്‍) നിര്‍മല ആരോഗ്യമേരി (റിസേര്‍ച്), ഷീനമോള്‍ കുര്യാക്കോസ് (പ്രൊഫെഷണല്‍ ഡെവലപ്‌മെന്റ്), പ്രിജ സാം (അവാര്‍ഡ്/സ്‌കോളര്‍ഷിപ്) ടിനി ഫ്രാന്‍സിസ് (ഫണ്ട് റൈസിംഗ്), സാത്വിന്‍ഡര്‍ ബിന്ദ്ര (മെമ്പര്‍ഷിപ്), അഞ്ജലി ബാജി (എഡിറ്റോറിയല്‍), സ്മിതാ ആന്റണി (ആഡ്വക്കസി പോളിസി) എന്നിവര്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍ പേഴ്‌സണുകളായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
തുടര്‍ന്ന് ECPI യൂണിവേഴ്സിറ്റിയുടെ നഴ്സിങ് ഡയറക്റ്ററായ ഡോ. ലൈല ട്രെയ്നര്‍ മുഖ്യപ്രഭാഷണം നടത്തി. ചേംബര്‍ലൈന്‍ യൂണിവേഴ്സിറ്റിയുടെ അസിസന്റ് ഡീന്‍ ആയ ഡോ. അന്‍സു സെബാസ്റ്റ്യനും സൗത്ത് സെമിനോള്‍ ഹോസ്പിറ്റലിലെ സ്പിരിച്ച്വല്‍ ഡിപ്പാര്‍ട്മെന്റ് മാനേജറായ റെവ. ഫാ. ഡോ.ജേക്കബ് മാത്യുവും വിശിഷ്ടാതിഥികളായി പങ്കെടുത്തു ചിന്തോദീപകമായ സന്ദേശങ്ങള്‍ സദസിനു കൈമാറി. നൈന പ്രസിഡന്റ് സുജ തോമസിന്റെ സന്ദേശത്തിനു ശേഷം നൈനയുടെ ടാമ്പാ പചാപ്റ്ററായ INACF നെ പ്രീതിനിധീകരിച്ച് സെക്രട്ടറി പോളിന്‍ ആലൂക്കാരന്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് ഓര്‍മ പ്രസിഡന്റ് സാബു ആന്റണിയും ഒരുമ പ്രസിഡന്റ് സ്മിതാ നോബിളും ആശംസയര്‍പ്പിച്ചു.
ഒറിനയുടെ സെക്രട്ടറി ഡോ. ഷൈനി ജേക്കബ് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചതോടെ ഔപചാരിക ചടങ്ങുകള്‍ പര്യവസാനിച്ചു. തുടര്‍ന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും 11 കമ്മിറ്റി ചെയറും ജെസ്സി ജിജി, അജി അച്യുതന്‍, സൗമിനി പ്രസന്നന്‍, റൂബി ജോസഫ്, മെയ്ബിള്‍ ജെസ്നോ, നിഷ മറ്റം, ജിജി ജിബി എന്നിവരും ഉള്‍പ്പെടുന്ന സ്ഥാപക നേതാക്കള്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട കലാപരിപാടികളില്‍ ഒറീനയുടെ സ്ഥാപക നേതാക്കള്‍ അവതരിപ്പിച്ച സമൂഹഗാനവും, ഗാബിന്‍ സാബുവും ഏഞ്ജല സോണിയും ചേര്‍ന്നവതരിപ്പിച്ച സാക്‌സഫോണ്‍ ഡ്യൂയറ്റും സാബു ആന്റണി, ജോബി ജോണ്‍, മനോജ്, ബീന ജോബി, റിറ്റി ജോ എന്നിവരുടെ ഭാവാത്മകമായ മെലഡിയും സായ ലിജോയും ഹന്നാ തോമസും ചേര്‍ന്നവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും, ബീന ജോബിയുടെ എവര്‍ഗ്രീന്‍ മെലഡിയും നയനകര്‍ണമനോഹരമായ കലാവിരുന്നൊരുക്കി. മേരി രാജന്‍ ഒറീനയെക്കുറിച്ചു രചിച്ച ആംഗലേയ കവിത പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. സ്വാദിഷ്ടമായ ഡിന്നറോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.















