ഷോണ്‍ ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നളിനി നെറ്റോയുടെ സഹോദരന്‍ ആര്‍. മോഹന്‍

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായത് സംശയാസ്പദമെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തില്‍ മറുപടിയുമായി ആരോപണ വിധേയനായ ആര്‍. മോഹന്‍ രംഗത്ത്. മുന്‍ ചീഫ് സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍ മോഹന്‍.

ആരോപണ വിധേയനായ മോഹന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

ഇന്ന് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ശ്രീ. ഷോണ്‍ ജോര്‍ജ്ജ് നടത്തിയ ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിന് ആധാരം.

ഞാന്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ ഉദ്യോഗസ്ഥനായിരുന്നു. 1993 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ഞാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പല കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയും 2016 ല്‍ സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുകയുമാണ് ചെയ്തത്.

ശ്രീ. ഷോണ്‍ ജോര്‍ജ് പറയുന്നത് സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തശേഷം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതനായി എന്നാണ്. ഞാന്‍ റിട്ടയര്‍ ചെയ്തതല്ല സ്വയം വിരമിച്ചതാണ്. അതിനുശേഷം ഞാന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നേരെ നിയമിതനായതല്ല. ഞാന്‍ പൊതു ധനകാര്യ ഗവേഷണ മേഖലയിലും ഫ്രീലാന്റ്‌സ് കോളമിസ്റ്റായും സ്വന്തം നിലയ്ക്കാണ് പ്രവര്‍ത്തിച്ചുവന്നത്. അങ്ങനെയാണ് മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചത്. എന്തെങ്കിലും ഒരു ആനുകൂല്യത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ എന്നെ നിയമിച്ചു എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. ഉദ്യോഗ പര്‍വ്വവവുമായുള്ള എന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ 2019 ല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. 2021 മെയ് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അതിനുശേഷം ഞാന്‍ ആ സ്ഥാനത്തില്ല. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാലും ഞാന്‍ കേന്ദ്രീകരിക്കുന്ന എന്റെ താല്‍പ്പര്യവിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തുന്നില്ല.

ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ, 2019 മുതല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തും പിന്നീട് ഭാഗികമായി ചുമതലകള്‍ നിര്‍വ്വഹിക്കുന്ന കാലത്തും ഞാന്‍ കേരള സര്‍ക്കാരില്‍ നിന്നും ഒരു രൂപ പോലും വേതനമോ അലവന്‍സോ വാങ്ങിയിട്ടില്ല. പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്നതു കാരണം എനിക്കെന്തോ വലിയ സൗജന്യങ്ങള്‍ ലഭിക്കുന്നു എന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നുമുള്ള പ്രസ്താവന ദുരുപദിഷ്ടമാണെന്ന് പറഞ്ഞുകൊള്ളട്ടെ. ഇത് ഞാന്‍ ചെയ്ത എന്തോ സഹായത്തിന്റെ പ്രത്യുപകാരമാണെന്നാണ് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് സത്യവുമായി വിദൂരബന്ധം പോലുമില്ല.

ഞാന്‍ ആദായനികുതി വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നപ്പോള്‍ ബഹു. ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിനെ പറ്റിയാണ് ആരോപണങ്ങളുമായി വരുന്നത്. കേരളത്തിലെ ആദായനികുതി വകുപ്പില്‍ ഞാന്‍ പരമോന്നത ഉദ്യോഗസ്ഥനായിരുന്നില്ല. ഞാന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍, കരടുകള്‍ എല്ലാം തന്നെ എനിക്കു മുകളില്‍ ഡയറക്ടര്‍, ഡയറക്ടര്‍ ജനറല്‍ എന്നീ മേലുദ്യോഗസ്ഥരുടെ അറിവോടും അനുമതിയോടും കൂടിയായിരുന്നു. അത്യാവശ്യം കേസുകളില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരും അഫിഡവിറ്റുകള്‍ കാണാറുണ്ടായിരുന്നു. ക്രൈം വാരികയുടെ എഡിറ്റര്‍ ശ്രീ. നന്ദകുമാര്‍ ബഹു. ഹൈക്കോടതിയില്‍ നല്‍കിയ ഒരു പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് ഓര്‍മ്മ. ഈ പെറ്റീഷന്‍ നേരത്തെ ആദായനികുതി വകുപ്പിലും നല്‍കിയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഓര്‍മ്മയില്‍ നിന്നാണ് പറയുന്നത്.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനല്ലായിരുന്നു ഞാന്‍. പെറ്റിഷനിലെ വിവരങ്ങളെപ്പറ്റി തല്‍സ്ഥിതി അറിയിക്കാന്‍ ബഹു. ഹൈക്കോടതി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാന്റിംഗ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് ആദായനികുതി വകുപ്പിനുവേണ്ടി അഡിഷണല്‍ ഡയറക്ടറായിരുന്ന ഞാന്‍ മേലധികാരികളുടെ നിര്‍ദേശത്തിലും അംഗീകാരത്തോടുകൂടിയും സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കുന്ന സത്യവാങ്മൂലങ്ങള്‍ എന്റെ ഭാവനയില്‍ നിന്നും സൃഷ്ടിക്കാവുന്നവയല്ല. ശ്രീ നന്ദകുമാറിനോട് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ ആ കത്തിന് മറുപടി കിട്ടിയില്ല എന്നാണ് എന്റെ ഓര്‍മ്മ. ആ നിലയ്ക്ക് വസ്തുതകള്‍ പരിശോധിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.

ഇന്ത്യയിലെ നികുതി ഉദ്യോഗസ്ഥര്‍ക്ക് വിദേശരാജ്യങ്ങളിലെ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കാന്‍ അധികാരമില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഫോറിന്‍ ടാക്‌സസ് ഡിവിഷന്‍ വഴിയാണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കേണ്ടത്. ചട്ടപ്രകാരം ഈ മാര്‍ഗം തന്നെയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളത്. ഫോറിന്‍ ടാക്‌സസ് ഡിവിഷന്‍ വഴി സിംഗപ്പൂരില്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ കമല ഇന്റര്‍നാഷണല്‍ എന്ന ഒരു കമ്പനി നിലവിലില്ല എന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ബഹു. ഹൈക്കോടതിയെ ആ വിവരം അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ സത്യവാങ്മൂലത്തില്‍ പറഞ്ഞ വിഷയങ്ങളില്‍ പിശകുണ്ടായിരുന്നെങ്കില്‍ ഇന്ന് ആരോപണമുന്നയിക്കുന്നവര്‍ക്ക് ഹൈക്കോടതി മുമ്പാകെ അത് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെടാമായിരുന്നു. അത് ചെയ്യാതെ വര്‍ഷങ്ങള്‍ക്കുശേഷം വന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ല.

അതുപോലെതന്നെ, എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതിനാല്‍ ആദായനികുതി വകുപ്പ് സമാന്തര അന്വേഷണം നടത്തിയിരുന്നില്ല. അതും ബഹു. ഹൈക്കോടതിയെ അറിയിച്ചു. അന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീ. പിണറായി വിജയന്‍ കണ്ണൂരില്‍ ഒരു പടുകൂറ്റന്‍ വീട് നിര്‍മ്മിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം. വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വിവരശേഖരണത്തില്‍ നിലവിലുള്ള വീട് പുതുക്കിപ്പണിഞ്ഞതാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആവശ്യമായ ആളുകളില്‍ നിന്നും വേണ്ട വിവരങ്ങള്‍ ശേഖരിച്ചാണ് ആദായനികുതി വകുപ്പിലെ 133 (6) പ്രകാരം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇക്കാര്യത്തില്‍ മറ്റു കൃത്യമായ വിവരങ്ങളൊന്നും ഹര്‍ജിയില്‍ ലഭ്യമായിരുന്നില്ല. ഇതിനെപ്പറ്റി വിവരമെന്തെങ്കിലും ഉള്ളവര്‍ അത്തരം വിവരങ്ങള്‍ അസസിംഗ് ഓഫീസര്‍ക്ക് കൈമാറിയിരുന്നെങ്കില്‍ അതിന്റേതായ നടപടികള്‍ ഉണ്ടാകുമായിരുന്നു. അങ്ങനെയൊരു വിവരവും കൈമാറിയിട്ടുള്ളതായി അറിവില്ല.

ഇനി പിണറായി വിജയന്റെ മകന്റെ ഇംഗ്ലണ്ടിലെ പഠനത്തെപ്പറ്റിയുള്ള ആരോപണമാണ്. മേല്‍പറഞ്ഞതുപോലെ വിദേശരാജ്യങ്ങളില്‍ അന്വേഷണം നടത്താന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതിനാല്‍ യു.കെ.യിലെ നികുതി അധികാരികളുമായി ഫോറിന്‍ ടാക്‌സസ് ഡിവിഷന്‍ വഴി വിവരങ്ങള്‍ ആരായുകയാണുണ്ടായത്. അക്കാര്യവും ബഹു. ഹൈക്കോടതിയെ അറിയിച്ചു. ഇന്ന് ആരോപണമുന്നയിക്കുന്ന ആരും തന്നെ ഇക്കാര്യത്തില്‍ കൃത്യമായ എന്തെങ്കിലും വിവരം നല്‍കാന്‍ മുന്നോട്ടുവന്നില്ല എന്നുള്ളതും ഒരു വസ്തുതയാണ്. കൃത്യമായ വിവരം തന്നിട്ട് അക്കാര്യം അന്വേഷിച്ചില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അതുവരെ നടന്ന വിവരശേഖരണത്തിന്റെ തല്‍സ്ഥിതിയാണ് ബഹു.ഹൈക്കോടതിയെ അറിയിച്ചത്.

സാധ്യമാകുന്ന സ്രോതസ്സുകളില്‍ നിന്നെല്ലാം വിവരം സമാഹരിച്ച് മേലധികാരികളുടെ അംഗീകാരത്തോടുകൂടി ബഹു. ഹൈക്കോടതിയെ അറിയിച്ചത് എന്തോ അപരാധമാണെന്നാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

ഒരു പരാതി കിട്ടിയാല്‍ അതിനെ ടാക്‌സ് ഇവേഷന്‍ പെറ്റീഷനായാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. അതിന്മേല്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ്/ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്താറുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടൊന്നും ഞാന്‍ സമര്‍പ്പിച്ചിട്ടുമില്ല. ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭിച്ച പെറ്റീഷനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ ആദായനികുതി വകുപ്പിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിവരങ്ങള്‍ ആരാഞ്ഞ് ബഹു. ഹൈക്കോടതി മുമ്പാകെ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്തത്. അത് അന്നത്തെ വകുപ്പ് അധ്യക്ഷന്മാരുടെ അറിവോടും അംഗീകാരത്തോടും കൂടിയായിരുന്നു. ഒരുവിധ രാഷ്ട്രീയ സ്വാധീനത്തിനും വഴങ്ങിയല്ല ഇത്തരം വസ്തുതതകള്‍ ബഹു. ഹൈക്കോടതിയെ ബോധിപ്പിച്ചത്.

സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം ഭരണഘടനാപദവി വഹിക്കുന്ന ഒരു ഭരണാധികാരിയോടൊപ്പം സേവനം നടത്തിയത് ഈ റിപ്പോര്‍ട്ടിനുള്ള പ്രത്യുപകാരമാണെന്ന് പറയുന്നത് രാഷ്ട്രീയവും മറ്റു വിരോധവും കാരണമാണെന്ന് മാത്രമേ പറയാന്‍ കഴിയൂ. സ്വയം വിരമിച്ചശേഷം ഒരു ഉദ്യോഗത്തിനും ആനുകൂല്യത്തിനും വേണ്ടി ഞാന്‍ ആരുടെ മുമ്പിലും ഒരു അപേക്ഷയും കൊടുത്തിട്ടില്ല. മേല്‍പ്പറഞ്ഞ വസ്തുതകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടിന് ഒരു പ്രത്യുപകാരം ചെയ്യാനും ഇന്നത്തെ മുഖ്യമന്ത്രിയോ മറ്റേതെങ്കിലും നേതാവോ എന്നോട് കടപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. വിവരസമാഹരണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ബഹു. ഹൈക്കോടതിയെ അറിയിച്ചതല്ലാതെ ആര്‍ക്കും ഒരു ആനുകൂല്യവും നല്‍കാന്‍ ഈ റിപ്പോര്‍ട്ടില്‍ ശ്രമിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തന ഘടനയില്‍ ഒരു അഡിഷണല്‍ ഡയറക്ടര്‍ക്ക് പ്രസ്തുത ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ പോലും ഭാവനയില്‍ കാര്യങ്ങള്‍ കണ്ടുകൊണ്ട് ഒരു റിപ്പോര്‍ട്ട് സൃഷ്ടിക്കാന്‍ കഴിയില്ല. അനാവശ്യ ആരോപണങ്ങളിലേക്കാണ് പൊതുരംഗത്തോ രാഷ്ട്രീയത്തിലോ ഇല്ലാത്ത എന്നെപ്പോലൊരു വ്യക്തിയെ വലിച്ചിഴയ്ക്കുന്നതും ചെളിവാരിയെറിയുന്നതും. ഇത് കുറെ അധികം നാളായി വേറെ ചില ആളുകള്‍ വച്ചുനടത്തുന്നുമുണ്ട്. ഒരു ഭാഗം മാത്രം മാധ്യമങ്ങള്‍ വഴി പുറത്തുവരുന്നത് ഉചിതമായിരിക്കില്ല എന്നതുകൊണ്ട് മാത്രമാണ് ഈ വിശദീകരണ കുറിപ്പ്.

മേല്‍പറഞ്ഞ വസ്തുതകള്‍ ശ്രീ. ഷോണ്‍ ജോര്‍ജ്ജിന് അല്ല ആര്‍ക്കുവേണമെങ്കിലും തുറന്ന മനസ്സുണ്ടെങ്കില്‍ ബോധ്യപ്പെടാവുന്നതാണ്.

More Stories from this section

family-dental
witywide