നാല് മാസം പ്രായമുള്ള കോടീശ്വരൻ; പേരക്കുട്ടിക്ക് 240 കോടിയുടെ ഇൻഫോസിസ് ഓഹരി നൽകി നാരായണ മൂർത്തി

ന്യൂഡെൽഹി: ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തി ഒരിക്കൽ കൂടി വാർത്തകളിൽ ഇടംനേടുന്നു. തൻ്റെ നാല് മാസം പ്രായമുള്ള ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്ക് 240 കോടിയിലധികം മൂല്യമുള്ള ഓഹരികളാണ് നാരായണ മൂർത്തി സമ്മാനിച്ചത്. ഇതോടെ ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നാല് മാസം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തിയുടെ പേരും ചേർത്തപ്പെടുന്നു.

ഇൻഫോസിസിൻ്റെ 15,00,000 ഓഹരികൾ ഏകാഗ്രയുടെ ഉടമസ്ഥതയിലുള്ളതായി എക്‌സ്‌ചേഞ്ച് ഫയലിംഗ് വെളിപ്പെടുത്തുന്നു. ഇത് കമ്പനിയുടെ 0.04 ശതമാനം ഓഹരിയാണ്. ഇടപാട് “ഓഫ് മാർക്കറ്റ്” ആണെന്നും ഫയലിംഗിൽ വെളിപ്പെടുത്തി. നാരായണ മൂര്‍ത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറയുകയും ചെയ്തു.

രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനായി 2023 നവംബറിലാണ് ഏകാഗ്ര ജനിച്ചത്. നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. ഇരുവരുടെയും മകൾ അക്ഷത മൂർത്തിക്കും ഭർത്താവും യു.കെ പ്രധാനമന്ത്രിയുമായ ഋഷി സുനകിനും രണ്ട് പെൺമക്കളുണ്ട്.

ഏകാഗ്ര എന്ന വാക്കിന് സംസ്കൃതത്തിൽ അര്‍ഥം അചഞ്ചലമായ ശ്രദ്ധ, നിശ്ചയദാര്‍ഢ്യം എന്നൊക്കെയാണ്. മഹാഭാരതത്തിലെ അർജുനന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പേരക്കുട്ടിക്ക് ഏകാഗ്ര എന്ന് പേരിട്ടത്.

More Stories from this section

family-dental
witywide