മഞ്ജിമയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തല ചായ്ക്കാം; സ്വപ്നസാഫല്യവുമായി നവ കേരള മലയാളി അസോസിയേഷൻ

ഫ്‌ളോറിഡ: മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മഞ്ജിമയുടെ ചിരകാല അഭിലാഷമായിരുന്നു സ്വന്തമായ ഒരു വീട്. മഞ്ജിമയുടെ ആ സ്വപ്നത്തിന് നവകേരള മലയാളി അസോസിയേഷൻ പ്രസിഡൻറ് സുശീൽകുമാർ നാലകത്തും ആലപ്പുഴ എംഎൽഎ, പി പി ചിത്തരഞ്ജനും ചേർന്ന് ഇന്ന് തറക്കല്ലിട്ടു. ഒട്ടേറെ പരിമിതികൾ ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്ത്, പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയ്ക്ക് വീട് നിർമ്മിച്ചു നൽകുന്നത് ഏറെ അഭിമാനകരമായാണ്, മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നവകേരള മലയാളി അസോസിയേഷൻ നോക്കിക്കാണുന്നത്.

മഞ്ജിമ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. മഞ്ജിമയുടെ അനിയൻ മജിത്  മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് നാലാംഗ കുടുംബം തലചായ്‌ക്കുന്നത്. രണ്ടുമുറി, അടുക്കള, ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെ എൻജിനീയർ അനിൽകുമാർ ജിത്തൂസ് ആണ് വീടിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സുശീൽകുമാർ  നാലകത്ത്‌, സെക്രട്ടറി ലിജോ പണിക്കർ, ട്രഷറർ സൈമൺ പാറത്താഴം എന്നിവർ പറഞ്ഞു.

സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ നവ കേരള മലയാളി അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളി മനസ്സുകളില്‍ നിറസാന്നിധ്യമാണ്. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്ന നവ കേരള മലയാളി അസോസിയേഷന്‍ രൂപീകൃതമായി മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വര്‍ഷത്തില്‍ മൂന്ന് നിര്‍ധന കുട്ടികള്‍ക്ക് കൈത്താങ്ങായി മാറുകയാണ്.

എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയെ ആദരിക്കാന്‍ സ്‌കൂള്‍ പിടിഎ അധികൃതരും ക്ലാസ് ടീച്ചേഴ്‌സും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിത പൂര്‍ണമായ ജീവിതം മനസിലാക്കാന്‍ സാധിച്ചത്. പഠനത്തില്‍ മിടുക്കിയായ മഞ്ജിമയെ കുറിച്ച് നൂറ് നാവാണ് ക്ലാസിലെ മറ്റു ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും. ക്ലാസ് ടീച്ചര്‍ ആയിരുന്ന വിധു നഹര്‍ ആണ് മഞ്ജിമയുടെ വീടിന്റെ അവസ്ഥ നവ കേരള മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി പങ്കുവെച്ചത്.

മഞ്ജിമയുടെ ജീവിത സാഹചര്യം മനസ്സിലാക്കി നവ കേരള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആദ്യത്തെ വീട് മഞ്ജിമക്കുതന്നെ പണിത് നല്‍കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ വിവരം നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറര്‍ സൈമണ്‍ പാറത്താഴമാണ് വീട്ടുകാരെ അറിയിച്ചത്.

തറക്കല്ലിടൽ ചടങ്ങിൽ നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സുശീൽകുമാർ നാലകത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ, വൈസ് പ്രസിഡന്റ്‌ പി എ ജുമൈലത്ത്, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, ഗ്രാമപഞ്ചായത്ത് അംഗം കെ എസ് ഹരിദാസ്, പി ടി എ പ്രസിഡന്റ്‌ സി എച്ച് റഷീദ്, എസ്എം സി ചെയർമാൻ മുഹമ്മദ്‌ മുസ്തഫ, മുൻ പ്രധാനാധ്യാപിക എം കെ സുജാതകുമാരി, പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന കെ എം ജ്യോതിഷ് കുമാരി, സീനിയർ അസിസ്റ്റന്റ് ഡി ദിലീപ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എ ജി വിധു എന്നിവർ സംസാരിച്ചു. അധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ, പ്രദേശവാസികൾ, വിദ്യാർഥിനിയുടെ സഹപാഠികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide