ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധം, ഉടന്‍ മോചിപ്പിക്കണം ; കെജ്രിവാള്‍ ഇന്ന് വീണ്ടും കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയാരോപണത്തില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയാണ് ഹര്‍ജി പരിഗണിക്കുന്നത്. കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്രിവാളിന്റെ ഹര്‍ജി. മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

ഇഡിയുടെ മറുപടി ആവശ്യമില്ലെന്ന കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്വിയുടെ വാദം കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ഇരുപക്ഷത്തെയും ന്യായമായി കേള്‍ക്കാന്‍ ബാധ്യസ്ഥരാണെന്നും അതിനാല്‍ ഇപ്പോഴത്തെ കേസ് തീര്‍പ്പാക്കുന്നതിന് ഇഡിയുടെ മറുപടി അനിവാര്യവും നിര്‍ണായകവുമാണെന്ന് കോടതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ഇഡി മറുപടി നല്‍കുകയും ചെയ്തു.

കെജ്രിവാള്‍ ‘മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരന്‍’ ആണെന്ന് ആയിരുന്നു, ഇന്നലെ ഇഡി നല്‍കിയ മറുപടി. മാത്രമല്ല, ഇഡി മറുപടിയില്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ‘പ്രധാന ഗുണഭോക്താവ്’ ആയ ആംആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാള്‍ മുഖേനയാണ് കുറ്റം ചെയ്‌തെന്നും ഡല്‍ഹി സര്‍ക്കാരിലെ മന്ത്രിമാര്‍, എഎപി നേതാക്കള്‍, മറ്റ് വ്യക്തികള്‍ എന്നിവരുമായി ഒത്തുചേര്‍ന്ന് ഡല്‍ഹി മദ്യനയ അഴിമതിയുടെ രാജാവും പ്രധാന സൂത്രധാരനുമായാണ് കെജ്രിവാള്‍ പ്രവര്‍ത്തിച്ചതെന്നും ഇഡി പറഞ്ഞു.

സൗത്ത് ഗ്രൂപ്പിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ പരിഗണിച്ചാണ് ഈ നയം തയ്യാറാക്കിയതെന്നും, ഇത് എച്ച് വിജയ് നായര്‍, മനീഷ് സിസോദിയ, സൗത്ത് ഗ്രൂപ്പിന്റെ അംഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി സഹകരിച്ചാണ് രൂപീകരിച്ചതെന്നും ഇഡി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കെജ്രിവാള്‍ മുഖേന കള്ളപ്പണം വെളുപ്പിക്കല്‍ എന്ന കുറ്റമാണ് എഎപി ചെയ്തതെന്നും അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പിഎംഎല്‍എ 2002 സെക്ഷന്‍ 70 പ്രകാരം കവര്‍ ചെയ്യുമെന്നും ഇഡി കൂട്ടിച്ചേര്‍ത്തു.

ഇഡിയുടെ എട്ട് സമന്‍സുകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹം ഇഡി കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നതാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ബിആര്‍എസ് നേതാവ് കെ കവിത, എഎപി നേതാക്കളായ സഞ്ജയ് സിംഗ്, മനീഷ് സിസോദിയ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ആറുമാസമായി ജയിലില്‍ കഴിഞ്ഞ സഞ്ജയ് സിംഗിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

More Stories from this section

dental-431-x-127
witywide