ആയുധം നല്‍കുന്നത് നിര്‍ത്തിവെച്ച്‌ അമേരിക്ക, ഒറ്റയ്ക്കു നില്‍ക്കുമെന്ന് നെതന്യാഹു

ജറുസലേം: ഗാസയിലെ യുദ്ധം നിര്‍ത്താനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം നിരസിച്ചുകൊണ്ട് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട്. നിര്‍ബന്ധിച്ചാല്‍ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ ആക്രമണത്തിന് മുതിരുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുകയും ബോംബുകള്‍ ഇസ്രയേലിന് നല്‍കുന്നത് നിര്‍ത്തുകയും ചെയ്തതോടെയാണ് നെതന്യാഹു ഒറ്റയ്ക്കു പോരാടുമെന്ന് പ്രഖ്യാപിച്ചത്.

‘ഇസ്രായേല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ നിര്‍ബന്ധിതരായാല്‍, ഇസ്രായേല്‍ ഒറ്റയ്ക്ക് നില്‍ക്കും. എന്നാല്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഞങ്ങള്‍ക്കറിയാം. കാരണം ലോകമെമ്പാടുമുള്ള മാന്യരായ ആളുകള്‍ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു, ഞങ്ങളുടെ വംശഹത്യ ശത്രുക്കളെ ഞങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു’ എന്നാണ് വ്യാഴാഴ്ച നെതന്യാഹു പറഞ്ഞത്.

80 വര്‍ഷം മുമ്പ് യഹൂദര്‍ക്ക് പ്രതിരോധമില്ലാതായപ്പോള്‍ ഒരു രാജ്യവും അവരുടെ സഹായത്തിനെത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വാര്‍ഷിക ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിലാണ് തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി എത്തിയത്.

യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദ്ദമേറുമ്പോഴും, എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും ഒരു അന്താരാഷ്ട്ര ഫോറത്തിന്റെ തീരുമാനങ്ങളും ഇസ്രായേലിനെ തീരുമാനത്തില്‍ നിന്ന് തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഴുവന്‍ ഭീകര സംഘത്തെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുകയാണെന്നാണ് ഗാസ ആക്രമണത്തെ ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്.

More Stories from this section

family-dental
witywide