ന്യൂറലിങ്ക് പുതിയ പരീക്ഷണവഴിയിലേക്ക്, ബ്രെയിന്‍ ഇംപ്ലാന്റ് പരീക്ഷണം രണ്ടാമത്തെ മനുഷ്യനിലേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: മനുഷ്യമസ്തിഷ്‌കത്തെ കംപ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് എന്ന ആശയത്തിലൂന്നി 2016 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക്.

കീബോര്‍ഡിലോ കീപാഡിലോ ഒന്നും തന്നെ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോള്‍ത്തന്നെ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറും മൊബൈല്‍ ഫോണും യാഥാര്‍ഥ്യമാകുന്നുവെന്നാണ് കമ്പനി അവകാശടുന്നത്. മനുഷ്യരാശിക്കുതന്നെ വലിയൊരു നേട്ടമായി മാറാന്‍ പോകുന്ന പരീക്ഷണത്തിലൂടെയാണ് ന്യൂറലിങ്ക് കടന്നുപോകുന്നത്. ഇപ്പോഴിതാ കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.

തലച്ചോറിനെയും കമ്പ്യൂട്ടറുകളെയും ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുന്നതിനാല്‍ തന്റെ ന്യൂറലിങ്ക് സ്റ്റാര്‍ട്ടപ്പ് രണ്ടാമത്തെ ടെസ്റ്റ് രോഗിയിലേക്ക് നീങ്ങുകയാണെന്ന് എലോണ്‍ മസ്‌ക് ബുധനാഴ്ച പറഞ്ഞു. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമാണെന്നും ചിപ് സ്വീകരിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതായും മസ്‌ക് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു.

ബ്രെയിന്‍ ഇംപ്ലാന്റുകള്‍ സാധാരണമാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി എക്‌സിലൂടെയായിരുന്നു മസ്‌ക് രണ്ടാമത്തെ ആളിലേക്ക് പരീക്ഷണം നീങ്ങുന്നുവെന്ന് വ്യക്തമാക്കിയത്. കാര്യങ്ങള്‍ നന്നായി നടന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പേരിലേക്ക് പരീക്ഷണം നീട്ടാനും ന്യൂറലിങ്കിന് പദ്ധതിയുണ്ട്.

എട്ട് വര്‍ഷം മുമ്പ് ഒരു വാഹന അപകടത്തില്‍ പരിക്കേറ്റ് തോളില്‍ നിന്ന് താഴേക്ക് തളര്‍ന്ന ആളിലായിരുന്നു ആദ്യ പരിക്ഷണം. ഇത് വിജയമെന്ന് വാദിച്ച മസ്‌ക് അദ്ദേഹത്തിന് കമ്പ്യൂട്ടറിലൂടെ പലതും ചെയ്യാനായെന്നും പറഞ്ഞിരുന്നു.

മനുഷ്യ മസ്തിഷ്‌കത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് നാണയങ്ങളുടെ വലുപ്പമുള്ള ഉപകരണത്തിലൂടെയാണ് ന്യൂറലിങ്കിന്റെ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. തലച്ചോറിലെ ന്യൂറോണുകളില്‍നിന്നുള്ള സിഗ്നലുകള്‍ ഒപ്പിയെടുത്ത്, അവ മനസ്സിലാക്കുകയെന്നതാണ് ഈ സംവിധാനം. ജനങ്ങള്‍ക്ക് മഹാശക്തികള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് മസ്‌ക് പറയുന്നത്.

More Stories from this section

family-dental
witywide