
യുഎപിഎ കേസില്‍ ന്യൂസ്‌ക്ലിക്ക് ഹ്യൂമന്‍ റിസോഴ്‌സസ് (എച്ച്ആർ) വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിക്ക് മാപ്പുസാക്ഷിയാകാന്‍ അനുവാദം നല്‍കി ഡല്‍ഹി പാട്ടിയാല ഹൗസ് കോടതി. മാപ്പുസാക്ഷിയായി മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചക്രവര്‍ത്തി കോടതിയെ സമീപിച്ചിരുന്നു.
ചൈന അനുകൂല പ്രൊപ്പഗാണ്ട പ്രചരിപ്പിക്കാന്‍ വേണ്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ചുമത്തി ഒക്ടോബര്‍ മൂന്നിനാണ് എഡിറ്റർ പ്രബിർ പുർകായസ്ഥയ്ക്ക് ഒപ്പം ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിന് വേണ്ടി ന്യൂസ് ക്ലിക്കിലേക്ക് വലിയൊരു തുക വന്നുവെന്നാണ് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ഡല്‍ഹി പോലീസില്‍ അത് കൈമാറാന്‍ താന്‍ തയ്യാറാണെന്നും ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുരകായസ്ഥയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് ചക്രവര്‍ത്തിയുടേത്. നിലവില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനായി പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്റ് സെക്യുലറിസം (പിഎഡിഎസ്) എന്ന ഗ്രൂപ്പുമായി പുരകായസ്ത ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്.
NewsClick case Accused HR Amit Chakravarty allowed to turn approver