ട്രംപ് 2.0 ല്‍ സ്ഥാനമാനങ്ങളില്ല, നിക്കി ഹേലിയും മൈക്ക് പോംപെയോയും ഔട്ട്; വ്യക്തമാക്കി ട്രംപ്

വാഷിഗ്ടന്‍: രണ്ടാം ട്രംപ് ഭരണകൂടത്തില്‍ മുന്‍ അംബാസഡര്‍ നിക്കി ഹേലിക്കും മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും സ്ഥാനമൊഴിച്ചിടാതെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ട്രംപിന്റെ കീഴില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച സൗത്ത് കരോലിന മുന്‍ ഗവര്‍ണറായിരുന്നു നിക്കി ഹേലി. ട്രംപിന്റെ കീഴില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ച മൈക്ക് പോംപെയോ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

”മുന്‍പ് അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചു, അവരെ അഭിനന്ദിക്കുന്നു. കൂടാതെ നമ്മുടെ രാജ്യത്തിന് അവര്‍ നല്‍കിയ സേവനത്തിനു നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.”- ട്രംപ് പറഞ്ഞു.

അതേസമയം, ജനുവരി 20നാണ ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുക. അതിനുള്ളില്‍ തന്റെ ഭരണത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനും പ്രചാരണ ദാതാവുമായ സ്റ്റീവ് വിറ്റ്കോഫും മുന്‍ സെനറ്റര്‍ കെല്ലി ലോഫ്ലറും ചേര്‍ന്നാണ് 2025ലെ പ്രസിഡന്റ് സ്ഥാനാരോഹണം നടത്തുകയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.