‘ട്രംപ് പെർഫെക്ട് ഒന്നുമല്ല , എന്നാൽ ബൈഡൻ ഒരു ദുരന്തമാണ്’: ട്രംപിന് പിന്തുണ അറിയിച്ച് നിക്കി ഹേലി

പി പി ചെറിയാൻ

2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തൻ്റെ മുൻ എതിരാളിയും മേധാവിയുമായ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി. ട്രംപ് അത്ര പെർഫെക്ട് ഒന്നുമല്ല , എന്നാൽ ബൈഡൻ ഒരു ദുരന്തമാണ് എന്ന് അവർ പറഞ്ഞു. ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രസംഗത്തിന് ശേഷം ഒരു ചോദ്യോത്തര വേളയിലാണ് അവർ ഇക്കാര്യം പറഞ്ഞത്

“ഒരു വോട്ടർ എന്ന നിലയിൽ, നമ്മുടെ ശത്രുക്കളെ കണക്കിലെടുത്ത് അതിർത്തി സുരക്ഷിതമാക്കുന്ന, നമ്മുടെ സ്വാതന്ത്ര്യത്തെയും ഒപ്പം ക്യാപിറ്റലിസത്തെയും പിന്തുണയ്ക്കുന്ന വ്യക്തിയെയാണ് ഞാൻ പരിഗണിക്കുക. എനിക്കു വേണ്ടത് നമുക്ക് നല്ല സാമ്പത്തിക അവസ്ഥ ഉണ്ടാക്കുന്ന വ്യക്തിയെയാണ്. ഈ നയങ്ങളിലെല്ലാം ട്രംപ് പൂർണത പുലർത്തുന്നില്ല, പക്ഷേ ബൈഡൻ ഒരു ദുരന്തമാണ്. അതിനാൽ ഞാൻ ട്രംപിന് വോട്ട് ചെയ്യും.” അവർ പറഞ്ഞു.

മാർച്ച് ആദ്യം റിപ്പബ്ളിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥിയാകാനുള്ള മൽസരത്തിൽ നിന്ന് നിക്കി ഹേലി പിൻമാറിയിരുന്നു. സ്ഥാനാർഥിയായി റിപ്പബ്ളിക്കൻ പ്രൈമറികളിൽ നിറഞ്ഞുനിന്ന സമയത്ത് ട്രംപിൻ്റെ കടുത്ത വിമർശകയായിരുന്നു അവർ.

റിപ്പബ്ലിക്കൻ വോട്ടർമാരിൽ ട്രംപിനോട് താൽപര്യമില്ലാത്തവർ നിക്കി ഹേലിയെ പിൻതുണച്ചിരുന്നു. അവർ സ്ഥാനാർഥിത്വം ഉപേക്ഷിച്ചിട്ടു കൂടി ഇപ്പോൾ വരുന്ന പ്രൈമറി ഫലങ്ങളിൽ അവർ മുന്നേറുന്നത് കാണാൻ സാധിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് സംസ്ഥാന പ്രൈമറി തിരഞ്ഞെടുപ്പുകളിലെങ്കിലും അവർ 20% വോട്ടുകൾ നേടി.

ഹേലിയെ പിന്തുണയക്കുന്ന റിപ്പബ്ലിക്കൻമാരെ ആകർഷിക്കാൻ ബൈഡൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ നിക്കി ഹേലിയെ “പക്ഷി മസ്തിഷ്കം” എന്ന് പരിഹസിച്ച ട്രംപ്, അവരുടെ സ്ഥാനാർഥിത്വത്തിൽ രോഷാകുലനായിരുന്നു. തൻ്റെ വൈസ് പ്രസിഡൻറ് റണ്ണിംഗ് മേറ്റായി ഹേലിയെ പരിഗണിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Nikki Haley says she will Support Trump As president

More Stories from this section

family-dental
witywide