നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി കോടതി

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു സ്വയം ജീവനൊടുക്കിയ കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യമില്ല. ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതി ചേര്‍ക്കപ്പെട്ട പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയും, താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണം തള്ളിയും കോടതിയെ സമീപിച്ച ദിവ്യ നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. കലക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി നവീന്‍ ബാബുവിനെതിരേ നേരത്തെയും ഉണ്ടായിരുന്നുവെന്നും പ്രശാന്തനു പുറമേ ഗംഗാധരന്‍ എന്നൊരാളും എഡിഎമ്മിനെതിരേ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ദിവ്യ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശ്യം മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും തന്റെ പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിയിടാനായിരുന്നില്ലെന്നും തെറ്റുചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുനന്നു ദിവ്യ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജിയുമായി ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് മജിസ്‌ട്രേട്ട് കോടതിയില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ കീഴടങ്ങാന്‍ സിപിഎമ്മും ദിവ്യക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 15നായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാർ ട്ടേഴ്‌സില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കിയ യോഗത്തിനെത്തി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവത്തിന് പിന്നാലെ പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയായിരുന്നു രാജി.

No bail for PP Divya on ADM Naveen Babu’s death

More Stories from this section

family-dental
witywide