
“നഴ്സുമാരുടെകൂടി വിയർപ്പിൽ ആശുപത്രികൾ കെട്ടിപ്പൊക്കുന്നവർ അതിന്റെ ചെറിയൊരു അംശം നന്ദിയെങ്കിലും തിരികെ കാണിക്കണം. കാലാകാലങ്ങളിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ സ്ഥിരമായ സംവിധാനമുണ്ടാക്കണം.” – യശശരീരനാ വിഎസ് അച്യുതാനന്ദൻ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ നഴ്സുമാരുടെ സമരത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് ഇപ്പോഴത്തെ നഴ്സുമാരുടെ സമരം വ്യക്തമാക്കുന്നു. ഒരു ജനതയുടെ മുഴുവൻ ആയുരാരോഗ്യ സൌഖ്യത്തിനു വേണ്ടി രാപകൽ ജോലിച്ചെയ്യുന്ന നഴ്സുമാർക്ക് മികച്ച വേതനവും ജീവിത സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെങ്കിലും അങ്ങനെയൊന്നും ഇല്ല – അതിനാൽ കേരളത്തിലെ നഴ്സുമാർ ഇപ്പോൾ സമരമുഖത്താണ്. കേരളത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു നഴ്സിൻ്റെ ശരാശരി ശമ്പളം 20000 രൂപയാണ്. അതേ സമയം ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സ്കിൽഡ് അല്ലാത്ത ഒരാൾക്ക് പോലും ദിവസം 1000 രൂപ കൂലി കിട്ടുന്ന നാടാണ് കേരളം. ഈ നഴ്സുമാരിൽ ഭൂരിപക്ഷവും ലക്ഷങ്ങൾ വിദ്യാഭ്യാസ ലോൺ എടുത്ത് 5 വർഷം കഷ്ടപ്പെട്ട് നഴി്സിങ് പഠിച്ചിട്ടാണ് ഈ ജോലിക്ക് ഇറങ്ങുന്നത് എന്നോർക്കണം. അതേസയമം വിദേശത്ത് ജോലി ചെയ്യുന്ന ഒരു നഴ്സിന് ഒരു ദിവസം കുറഞ്ഞത് 10000 രൂപയാണ് ശമ്പളം. കൊവിഡ് കാലത്ത് ജോലി ചെയ്ത പല നഴ്സുമാർക്കും ഗൾഫിലുള്ള ചില ആശുപത്രികൾ പ്രത്യേക സമ്മാനമായി നൽകിയത് 25 ലക്ഷം രൂപയാണ്. എന്നാൽ കേരളത്തിലോ? പിന്നെ എങ്ങനെയാണ് നഴ്സുമാർ കേരളം വിടാതിരിക്കുന്നത്.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 13-ഓളം ആവശ്യങ്ങളാണ് നഴ്സുമാർ മുന്നോട്ടുവെക്കുന്നത്.ശമ്പള സ്കെയിലുകൾ പരിഷ്കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേരള സർക്കാർ അടുത്തിടെ പുറത്തിറക്കിയെങ്കിലും, വർധന പര്യാപ്തമല്ലെന്നും നിരവധി മാനേജ്‌മെന്റുകൾ 40,000 രൂപ അടിസ്ഥാന ശമ്പളം നൽകാൻ തയ്യാറല്ലെന്നും യുഎൻഎ ആരോപിക്കുന്നു. അതിനാലാണ് അവർ സമരം തുടരുന്നത്. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുകയാണ്. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഇതിൽ 140 എണ്ണം വൻകിട ആശുപത്രികളാണ്.
വൃഥാവിലായ വാഗ്ദാനങ്ങൾ
നഴ്സുമാരുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചത് 2018ലാണ്. അതു തന്നെ പൂർണമായി നടപ്പാക്കാൻ സർക്കാരിനു സാധിച്ചുമില്ല. 2016ൽ സുപ്രീംകോടതി നിർദേശിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കണം എന്നു നിർദേശിച്ചിരുന്നു. 10 വർഷം കഴിഞ്ഞിട്ടും അതു നടപ്പാക്കിയിട്ടില്ല എന്നു മാത്രമല്ല അതിൻ്റെ പകുതിയി ശമ്പളത്തിലാണ് ഒരുപാട് നഴ്സുമാർ ജോലി ചെയ്യുന്നത്. കേരള ഹൈക്കോടതി 2023 ൽ പുറപ്പെടുവിച്ച വിധിയിൽ 3 മാസത്തിനുള്ളിൽ ശമ്പളം പരിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതും നടപ്പിലായില്ല. 2025 ഡിസംബറിൽ ഒരുമാസത്തിനുള്ളിൽ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് ശമ്പള പരിഷ്കരണ കരട് വിജ്ഞാപനം കേരള സർക്കാർ പുറത്തിറക്കിയത്. എന്നാൽ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ അതിനോട് വിയോജിക്കുകയാണ്. അവർക്ക് മേൽ ഒരു സമ്മർദം ചെലുത്താൻ സർക്കാർ തയാറായിട്ടുമില്ല.
തൃശ്ശൂർ ജില്ലയിൽ അഞ്ച് ആശുപത്രി മാനേജ്മെന്റുകളുമായി (സൺ, അമല, മദർ, ദയ, വെസ്റ്റ് ഫോർട്ട്) യുഎൻഎ ധാരണയിലെത്തി. ഈ ധാരണ പ്രകാരം 300 കിടക്കകളിൽ താഴെയുള്ള ആശുപത്രികളിൽ 8,000 രൂപയുടെയും വലിയ ആശുപത്രികളിൽ 12,000 രൂപയുടെയും ശമ്പള വർധനവ് നഴ്സുമാർക്ക് ലഭിക്കും. യുഎൻഎയുടെ കണക്കനുസരിച്ച്, 13 ആശുപത്രികൾ നഴ്‌സുമാരുടെ വേതനം 40,000 രൂപയായി ഉയർത്താൻ സമ്മതിച്ചു. ഈ ആശുപത്രികളെ പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎൻഎ അറിയിച്ചു.
എങ്കിലും ജില്ലയിലെ മറ്റ് ആശുപത്രികളിൽ സമരം തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ , മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിവിധ മാനേജ്മെന്റുകൾ അംഗീകരിച്ചതിനെ തുടർന്ന് സമരം നേരത്തെ തന്നെ പിൻവലിച്ചിരുന്നു.
ആരോഗ്യ മേഖലയുടെ നിലനിൽപ് നഴ്സുമാരുടെ കയ്യിൽ
ചില ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ സമരം ചെയ്ത നഴ്സുമാരെ പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാവുകയും അത് സമരം കൂടുതൽ തീവ്രമാക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിൻ്റെ ആരോഗ്യ മേഖലയുടെ നിലനിൽപ് നഴ്സുമാരുടെ കൂടി കൈകളിലാണ്. എന്നാൽ ഇവരുടെ ക്ഷേമത്തിനായുള്ള സമഗ്രമായ ഒരു പദ്ധതിയും ഇതുവരെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല.
പല വൻകിട ആശുപത്രികളും അവരുടെ നഴ്സിങ് സ്കൂളുകളിൽ നിന്ന് പഠനം കഴിഞ്ഞ് വരുന്ന കുട്ടികളെ ഒരു വർഷത്തേക്ക് ശമ്പളം നൽകാതെ പണിയെടുപ്പിക്കുന്നുണ്ട് എന്നത് ഒരു സത്യവുമാണ്. നഴ്സിങ് രംഗത്ത് ജോലിചെയ്യുന്നവരിൽ അധികവും സ്ത്രീകളാണ്. കുറച്ചു വർഷങ്ങൾ മുൻപ് വരെ ഇതൊരു അസംഘടിത മേഖലയുമായിരുന്നു. ഇപ്പോഴാണ് ഒരു നഴ്സിങ് തൊഴിലാളി സംഘടന നഴ്സുമാരുടെ അവകാശങ്ങൾക്കായി സമരം ചെയ്യാൻ തുടങ്ങിയത്. അതുവരെയും ഏറ്റവും അധികം ചൂഷണം സഹിച്ച ഒരു തൊഴിൽ മേഖലയായിരുന്നു ഇത്.
നഴ്സിങ്ങ് ജോലി എളുപ്പമുള്ള ഒന്നാണ് എന്ന് ആരും പറയില്ല. മാനസികമായ തയ്യാറെടുപ്പും, ശാരീരികമായ അധ്വാനവും വേണ്ട ഒരു തൊഴില്‍. വളരെയധികം ശ്രദ്ധിച്ച് രോഗിയെ ശുശ്രൂഷിക്കുന്ന ഒരു ജോലി എന്നതിൽ ഉപരി അതൊരു സേവനം കൂടിയാണ്. രാത്രി മുഴുവൻ ഉറക്കം മാറ്റിവച്ചും അങ്ങേയറ്റം അപകടകരമായ ( നിപ്പ, കോവിഡ്) രോഗങ്ങളുള്ള രോഗികളെ ഒരു മടിയും കൂടാതെ ശുശ്രൂഷിച്ചും എല്ലാ മനുഷ്യർക്കും സാന്ത്വനവും പരിചരണവും നൽകുന്ന നഴ്സുമാരെ ഇത്തരത്തിൽ തെരുവിലേക്ക് ഇറക്കാൻ പാടില്ലായിരുന്നു.
ലിനിയുടെ ആത്മത്യാഗം മറന്ന കേരളം
എട്ടുവർഷം മുമ്പ് നിപ്പബാധിതരെ ശുശ്രൂഷിച്ച ലിനി എന്ന നഴ്സ് അതേ രോഗം ബാധിച്ച് മരിച്ചപ്പോൾ ആത്മത്യാ ഗത്തിന്റെ വില കേരളം അറിഞ്ഞതാണ്. നഴ്സുമാരുടെ ജോലിക്ളേശം ആദരിക്കപ്പെടാനും മറക്കാതിരിക്കാനും ലിനിയുടെ ആത്മബലി നിമിത്തമാവുകയായിരുന്നു. എന്നിട്ടും അവഗണന മാത്രമാണ് നഴ്സുമാർക്ക് കേരളം വച്ചുനീട്ടിയത്.
മറ്റ് വിദേശ രാജ്യങ്ങളെല്ലാം നഴ്സുമാരെ ആദരവോടെയാണ് കാണുന്നത്. അവർക്ക് മികച്ച ശമ്പളവും നൽകുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളും ഡോക്ടർമാർക്ക് ലക്ഷക്കണക്കിന് രൂപ ശമ്പളം നൽകുന്നുണ്ട്, എന്നാൽ അതിന്റെ പത്തിലൊന്നു പോലും നഴ്സുമാർക്ക് കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. മാലാഖ എന്ന പരിവേഷം ചാർത്തിയാലൊന്നും വിശക്കുന്നവൻ്റെ വയറു നിറയില്ല.
പ്രശ്നപരിഹാരത്തിന് സർക്കാർ തീരുമാനിക്കണം
തിരഞ്ഞെടുപ്പ് അടുത്തവേളയിൽ നഴ്സുമാർ നടത്തുന്ന സമരം ഒരു വിലപേശലായി കാണുന്നവരുണ്ട്. എന്നാൽ അവർ നിവൃത്തിയില്ലാതെ തെരുവിൽ ഇറങ്ങിയവരാണ് . സർക്കാരിൻ്റെ കരടുവിജ്ഞാപനം സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നതും ആശുപത്രി മാനനേജ്മെൻ്റുകൾ ഇതൊന്നും അംഗീകരിച്ചിട്ടില്ല എന്നതും ഒരു യാഥാർഥ്യമാണ്. മാനേജ്മെൻ്റിനേയും നഴ്സുമാരുടെ പ്രതിനിധികളേയും പങ്കെടുപ്പിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിന് സർക്കാർ മുന്നിട്ടിറങ്ങിയേ പറ്റു. അല്ലാത്ത പക്ഷം കേരളത്തിന്റെ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്ന നിലയിലേക്ക് ഈ സമരം പോവുകയും അത് സർക്കാരിനു തന്നെ വലിയ തിരിച്ചടിയാവുകയും ചെയ്യും എന്നതിൽ സംശയം ഇല്ല.
kerala nurses on strike














