
ഞായറാഴ്ച രാത്രി തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം 45 പേരുടെ ജീവന്‍ എടുക്കുകയും 250 ല്‍ അധികം ആളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഹമാസ്.
ഗാസയിലെ ആക്രമണങ്ങളില്‍ നിന്നും ജീവനുംകൊണ്ട് റഫയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിലോ തടവുകാരെ കൈമാറുന്നതിനോ വേണ്ടിയുള്ള ചര്‍ച്ചകളിലോ പങ്കെടുക്കില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് ഹമാസ് നീങ്ങിയതായാണ് വിവരം. ഹമാസ് ഇക്കാര്യം മധ്യസ്ഥരെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
അതേസമയം, ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഈജിപ്തിലെയോ ഖത്തറിലെയോ മധ്യസ്ഥരില്‍ നിന്ന് ഹമാസ് നേതൃത്വത്തിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തിങ്കളാഴ്ച ഉറവിടം അറിയിച്ചു.
മാത്രമല്ല, മധ്യസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന ഞങ്ങളുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ബന്ദികളെ ഇസ്രായേല്‍ സ്വീകരിക്കില്ലെന്നും തിങ്കളാഴ്ച ബെയ്റൂട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ഒസാമ ഹംദാന്‍ പറഞ്ഞു. സ്ഥിരമായ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കരാറിലെത്താന്‍ ഹമാസിന്റെ വ്യവസ്ഥകളില്‍ മാറ്റമില്ലെന്നും ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.