
ഭുവനേശ്വർ: പാർലമെന്റിൽ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ. മോദി സർക്കാരിൻ്റെ ആദ്യ രണ്ട് ടേമുകളിൽ സുപ്രധാന ബില്ലുകൾ പാസാക്കാൻ ഉൾപ്പെടെ 2014 മുതൽ എൻഡിഎ സർക്കാരിനു രാജ്യസഭയിൽ പിന്തുണ നൽകിയിരുന്ന പാർട്ടിയാണ് ബിജെഡി. 24 വർഷമായുള്ള ഒഡീഷയിലെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തതിനു പിന്നാലെയാണ് പുതിയ തീരുമാനം.
അതേസമയം, രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ പ്രതിപക്ഷ കൂട്ടുകെട്ടായ ഇന്ത്യ സഖ്യത്തിന് ലഭിക്കാൻ കോണ്‍ഗ്രസ് നീക്കങ്ങളാരംഭിച്ചതായാണ് സൂചന. ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ സാധാരണക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നാണ് എംപിമാർക്ക് ബിജെഡി പ്രസിഡന്റ് നവീൻ പട്‍നായിക് നിർദേശം നൽകിയിരിക്കുന്നത്. രാജ്യസഭയിലെ ഒമ്പത് ബിജെഡി എംപിമാരുടെ യോഗത്തിലാണ് പട്‍നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘‘എല്ലാ വിഷയങ്ങളിലും കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടും. സംസ്ഥാനത്തിന്റെ വികസനവും ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമവും സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ബിജെഡി എംപിമാർ ഉന്നയിക്കും. പല ന്യായമായ ആവശ്യങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ഞങ്ങൾ പാർലമെന്റിൽ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമാകും,’’ നവീൻ പട്നായിക്കുമായുള്ള ചർച്ചയ്ക്കുശേഷം ബിജെഡി വൃത്തങ്ങൾ വ്യക്തമാക്കി.
ബിജെഡി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വിഷയങ്ങളിൽ പാർലമെൻ്റിൽ ബിജെപിയെ പിന്തുണക്കുക മാത്രമല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ 2019ലും 2024ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. 1998 മുതൽ 2009വരെ ബിജെപിയുടെ സഖ്യകക്ഷിയുമായിരുന്നു. എന്നാൽ ഇത്തവണ പട്‍നായികിനെതിരെ ശക്തമായ ആരോപണങ്ങളോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തിയതും സംസ്ഥാനം പിടിച്ചെടുത്തതും.