
പാരിസ്: ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ അന്താരാഷ്ട്ര കായിക കോടതി തള്ളിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിധി പറയുന്നത് ഈ മാസം 16 വരെ നീട്ടിവച്ചതിനു പിന്നാലെയാണ്, അപ്പീൽ തള്ളിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിൽനിന്ന് അയോഗ്യയാക്കിയതിനെതിരെയാണ് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിച്ചത്. ഫൈനലിൽ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. എന്നതിനാൽ വെള്ളി മെഡൽ പങ്കിടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. ഒളിമ്പിക്സ് ഗുസ്തി 50 കിലോഗ്രാം ഫൈനൽ മത്സരത്തിന്റെ അന്നാണു വിനേഷ് ഫോഗട്ടിന്റെ ശരീരം ഭാരം കൂടിയെന്നു കാണിച്ച് താരത്തെ അയോഗ്യയാക്കിയത്.
അയോഗ്യയാക്കിയ നടപടിയെ ചോദ്യം ചെയ്തും, സംയുക്ത വെള്ളിമെഡൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. എന്നാൽ, വിധിയുടെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല. പാരിസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും സഹിതം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.