നോർത്ത് ഡാലസ് സിറോ മലബാർ സഭാ മിഷനെ വിശുദ്ധ മറിയം ത്രേസ്യ മിഷനായി പ്രഖ്യാപിച്ചു

മാർട്ടിൻ വിലങ്ങോലിൽ

ഫ്രിസ്കോ (ടെക്‌സാസ്):  കൊപ്പേൽ സെന്റ്. അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്റെ ഏക്സ്റ്റന്ഷൻ  സെന്ററായിരുന്ന നോർത്ത് ഡാലസിലെ സീറോ മലബാർ സഭാ മിഷനെ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിൽ മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു.  കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച്‌  ഒരു വർഷം പൂർത്തിയായ വേളയിലായിരുന്നു ഈ പ്രഖ്യാപനം.

നവംബർ 3-ന് നടന്ന നാമകരണ ചടങ്ങിൽ ,  നോർത്ത് ഡാലസ് സിറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി നാമകരണം ചെയ്ത രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ടിന്റെ  ഔദ്യോഗിക കൽപ്പന കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് വായിച്ചു.  

കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിനെ മിഷന്റെ പ്രഥമ ഡയറക്ടറായി രൂപതാധ്യക്ഷൻ നിയമിച്ചു.  അതോടൊപ്പം മിഷന്റെ സഹ മധ്യസ്ഥരായി യുവജനങ്ങളുടെയും, കുട്ടികളുടെയും പ്രിയപ്പെട്ട വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെയും, നിത്യസഹായ മാതാവിനെയും തിരഞ്ഞെടുക്കുകയുണ്ടായി.  ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയ വികാരി ഫാ. ജെയിംസ് നിരപ്പേൽ,  സെന്റ് അൽഫോൻസാ ഇടവക അസിസ്റ്റന്റ്  വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

അംഗീകാരത്തോടൊപ്പം പുതിയ ഉത്തരവാദിത്വവും കടമയുമാണ് മിഷന് ലഭിച്ചിരിക്കുന്നതെന്നു ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് വിശ്വാസികളെ  ഓർമ്മിപ്പിച്ചു.  

റെനോ അലക്സ്, ബോസ് ഫിലിപ്പ് എന്നിവർ  മിഷന്റെ പ്രഥമ കൈക്കാരൻമാരായി ചുമതയേറ്റു. വിശ്വാസ പരിശീലന സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ ആയി വിനു ആലപ്പാട്ടും, അക്കൗണ്ടന്റായി റോയ് വർഗീസും സേവനം അനുഷ്ഠിക്കുന്നു.

സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ച് ഫാ. ജിമ്മി എടക്കുളത്തൂർ വിശുദ്ധരുടെയും അവരുടെ ജീവിതത്തെക്കുറിച്ചും സംക്ഷിപ്ത അവലോകനം നടത്തി. വിശുദ്ധിയിലേക്കുള്ള വിളിയുടെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയും, വിശുദ്ധരുടെ ജീവിതത്തെ മാതൃകയാക്കി അനുയോജ്യമായി ജീവിതം നയിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫാ. ജെയിംസ്  നിരപ്പേൽ ചടങ്ങിൽ വിശുദ്ധരുടെ ചിത്രങ്ങൾ പ്രകാശനം ചെയ്തു. വിശുദ്ധരുടെ വേഷം ധരിച്ച കുട്ടികൾ  തിരുനാളിന്റെ  മനോഹാരിത കൂട്ടി.

മറിയം ത്രേസ്യ പുണ്യവതിയുടെ  മാധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ കത്തോലിക്ക ഇടവക എന്ന സവിശേഷതയും, ഡാലസിലെ മൂന്നാമത്തെ സീറോ മലബാർ ഇടവക എന്ന പ്രത്യേകതയും ഈ മിഷനുണ്ട്.  കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ എക്സ്റ്റെൻഷൻ സെന്ററായി ആരംഭിച്ച മിഷനിൽ ഈ വർഷം ആദ്യം തന്നെ  വിശ്വാസ പരിശീലന ക്‌ളാസ്സുകളും  ആരംഭിച്ചിരുന്നു. ഫ്രിസ്കോയിലെ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയാണ് മിഷൻ ദേവാലയത്തിന് സ്ഥല സൗകര്യം ഒരുക്കുന്നത്.

More Stories from this section

family-dental
witywide