
ലാസ് വേഗസ് (യുഎസ്): ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണയും മാധ്യമ വിചാരണയും നേരിട്ട പ്രസിദ്ധ അമേരിക്കന്‍ ഫുട്ബാള്‍ താരവും ഹോളിവുഡ് നടനുമായിരുന്ന ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു. 76 വയസായിരുന്നു. പോസ്ട്രേറ്റ് കാൻസറിനെ തുടര്‍ന്നായിരുന്നു അന്ത്യം. മുൻ ഭാര്യ നിക്കോള്‍ ബ്രൗണ്‍ സിംപ്‌സണെയും അവരുടെ സുഹൃത്ത് റോണ്‍ ഗോള്‍ഡ്മാനെയും കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരായി ചുമത്തിയിരുന്നത്.രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ വിചാരണയായിരുന്നു അത്. തുടര്‍ന്ന് 2007ല്‍ ലാസ് വേഗസിലെ പാലസ് സ്റ്റേഷന്‍ ഹോട്ടലിലും കസീനോയിലും നടത്തിയ ആക്രമണത്തിന്റെ പേരില്‍ 2018ൽ വീണ്ടും ശിക്ഷിക്കപ്പെട്ടു.
കായിക ഇതിഹാസം, സിനിമാ താരം, കോടീശ്വരൻ, ബിസിനസുകാരൻ എന്നീ നിലകളിലെല്ലാം തിളങ്ങി നിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.വിജയകരമായ കരിയർ, അമ്പരപ്പിക്കുന്ന രൂപഭംഗി, സുന്ദരിയായ ഭാര്യ എന്നിവയാൽ, എല്ലാവരിലും അസൂയ ജനിപ്പിച്ചിരുന്ന- അമേരിക്കയുടെ ആരാധനാപാത്രവും കറുത്ത വർഗക്കാരായ അമേരിക്കക്കാരുടെ വിജയത്തിൻ്റെ പ്രതിച്ഛായയും ആയിരുന്നു. ഗ്ലാമറിൻ്റെയും പദവിയുടെയും ലോകത്ത് വസിച്ചിരുന്ന സിംപ്‌സണെ എല്ലാവരും സ്നേഹിച്ചിരുന്നു.
എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു. 1994-ലെ വേനൽക്കാലത്ത് സിംപ്‌സണിൻ്റെ മുൻ ഭാര്യ നിക്കോൾ ബ്രൗൺ സിംപ്‌സണെ ലോസ് ഏഞ്ചൽസിലെ അവരുടെ മാളികയ്ക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടുത്തു തന്നെയായി അവളുടെ സുഹൃത്ത് റൊണാൾഡ് ഗോൾഡ്മാനും കുത്തേറ്റു മരിച്ചു കിടപ്പുണ്ടായിരുന്നു. ആ സ്ത്രീ ഒരു റെസ്റ്ററൻ്റിൽ മറന്നു വച്ച കണ്ണട തിരികെ നൽകാൻ അവളുടെ വീട്ടിലെത്തിയ വെയിറ്ററായിരുന്നു ഗോൾഡ്മാൻ.
സിംപ്‌സണും ബ്രൗണും 1985-ലാണ് വിവാഹിതരായത്. അവർക്ക് ജസ്റ്റിൻ, സിഡ്‌നി എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു, 1992-ൽ ഇരുവരും വിവാഹമോചനം നേടി. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് നിക്കോൾ ബ്രൗൺ കൊല്ലപ്പെടുന്നത്.
1995-ൽഒരു ക്രിമിനൽ കോടതി ജൂറി സിംപ്സൺ കൊലപാതകത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി, എന്നാൽ 1997ൽ സിവിൽ ട്രയൽ ജൂറി മരണത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തി, ബ്രൗണിൻ്റെയും ഗോൾഡ്മാൻ്റെയും ബന്ധുക്കൾക്ക് 33.5 മില്യൺ ഡോളർ നൽകാൻ ഉത്തരവിട്ടു.
സിംപസണെതിരായ വാർത്ത വലിയ സെൻസേഷനായിരുന്നു. അയാളുടെ അറസ്റ്റ് പോലും ലൈവായി സംപ്രേക്ഷണം ചെയ്തു. കീഴടങ്ങുന്നതിനു മുമ്പ് സിംപ്സൺ പൊലീസിനെ വെട്ടിച്ച് ലോസ് ഏഞ്ചൽസിലെ ഫ്രീവേകളിലൂടെ കാർ പായിച്ചു. ബ്രോങ്കോ ചേസ് എന്ന് വിളിക്കപ്പെടുന്ന ഈ ചേസ് ടിവി ചാനലുകൾ ലൈവായി സംപ്രേക്ഷണം ചെയ്തു. പിന്നീടുള്ള വിചാരയും കുറ്റവിമുക്തിയുമെല്ലാം മാധ്യമങ്ങൾക്ക് ഇഷ്ടവിഷയമായിരുന്നു.
സിംപ്‌സണ്‍ മുൻ ഭാര്യയുടെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരം: ”ഞാന്‍ ഈ കുറ്റം ചെയ്തുവെന്നുതന്നെ വയ്ക്കുക. അങ്ങനെയാണെങ്കില്‍ അതിനു കാരണം ഞാന്‍ അവളെ അത്രമേല്‍ സ്‌നേഹിച്ചുപോയി എന്നതാണല്ലോ’’.എന്നായിരുന്നു.
O.J Simpson Passed Away










