
വാഷിംഗ്ടണ്‍: ടിം വാള്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും. കമലാ ഹാരിസിന്റെ ചോയ്‌സ് മികച്ചതാണെന്നും ഏറ്റവും അനുയോജ്യനായ ആളെയാണ് കമല തിരഞ്ഞെടുത്തതെന്നും ഇരുവരും സംയുക്തമായി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് മികച്ച ഗവര്‍ണര്‍ ആണെന്നും മികച്ച വൈസ് പ്രസിഡന്റ് ആകുമെന്നും ഇരുവരും വ്യക്തമാക്കി. വാള്‍സ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മിഷേലിനും തനിക്കും സന്തോഷവാനാകാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം എഴുതി.
” വൈസ് പ്രസിഡന്റ് ഹാരിസിനെപ്പോലെ, ഗവര്‍ണര്‍ ടിം വാള്‍സും വിശ്വസിക്കുന്നത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നമ്മളെ സേവിക്കാനാണ് എന്നാണ്. നമ്മളില്‍ ചിലരെ അല്ല, എല്ലാവരേയും. അതാണ് അദ്ദേഹത്തെ മികച്ച ഗവര്‍ണര്‍ ആക്കുന്നത്, അത് അദ്ദേഹത്തെ കൂടുതല്‍ മികച്ച വൈസ് പ്രസിഡന്റാക്കും” അദ്ദേഹം എഴുതി.
ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമ്പോള്‍, ‘അവര്‍ ആരാണെന്നും അവര്‍ എങ്ങനെയുള്ള പ്രസിഡന്റായിരിക്കും എന്നതിനെക്കുറിച്ചും ധാരാളം കാര്യങ്ങള്‍’ പറയുന്നുവെന്ന് ഒബാമ പരാമര്‍ശിച്ചു. കമല ഹാരിസ് ‘അനുയോജ്യമായ പങ്കാളിയെ’ തിരഞ്ഞെടുത്തുവെന്ന് ഒബാമ ഉറപ്പിച്ചു പറഞ്ഞു.