‘ജ്ഞാനി, ചിന്താശീലന്‍, സത്യസന്ധന്‍’: പ്രിയസുഹൃത്ത് മന്‍മോഹന്‍ സിംഗിനെക്കുറിച്ച് ഒബാമ തന്റെ പുസ്തകത്തില്‍ എഴുതിയതിങ്ങനെ…

ന്യൂഡല്‍ഹി: ‘ജ്ഞാനി, ചിന്താശീലന്‍, സത്യസന്ധന്‍… അങ്ങനെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ടായിരുന്നു. മുമ്പ് ഒബാമ മന്‍മോഹനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

ലോക സാമ്പത്തികരംഗം തകര്‍ച്ചയില്‍ നിന്ന് കരകയറിയതിന് മന്‍മോഹന്‍സിങ്ങിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഉപദേശം ഏറെ നിര്‍ണായകമായിരുന്നുവെന്നാണ് ഒരിക്കല്‍ ഒബാമ പറഞ്ഞത്.

‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലും ഒബാമ മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ചിരുന്നു. ബരാക് ഒബാമയുടെ ഈ പുസ്തകം വന്നത് 2020ലാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നവീകരണത്തിന്റെ എഞ്ചിനീയര്‍ മന്‍മോഹന്‍ സിംഗ് ആണെന്നും ഒബാമ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അദ്ദേഹം ദാരിദ്ര്യത്തിന്റെ വലയത്തില്‍ നിന്ന് കരകയറ്റി. താനും മന്‍മോഹന്‍ സിംഗും തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു.

‘എന്റെ കാഴ്ചപ്പാടില്‍, മന്‍മോഹന്‍ സിംഗ് ബുദ്ധിമാനും ചിന്താശീലനും രാഷ്ട്രീയമായി സത്യസന്ധനുമായ വ്യക്തിയാണ്. ഇന്ത്യയുടെ സാമ്പത്തിക വഴിത്തിരിവിന്റെ മുഖ്യ ശില്പിയെന്ന നിലയില്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പുരോഗതിയുടെ പ്രതീകമാണ്. ചെറിയ, ചിലപ്പോള്‍ പീഡിപ്പിക്കപ്പെട്ട സിഖ് സമുദായത്തിലെ അംഗം, ഈ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഉയര്‍ന്നു. ജനങ്ങളുടെ വിശ്വാസം നേടിയത് അവരുടെ വികാരങ്ങളെ ആകര്‍ഷിക്കുന്നതിലൂടെയല്ല, മറിച്ച് ആളുകള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം നല്‍കികൊണ്ടാണ്- ഒബാമ കുറിച്ചത് ഇങ്ങനെ.

2010ല്‍ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒബാമ പറഞ്ഞിരുന്നത് ‘ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്നു’ എന്നാണ്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് ടൊറന്റോയിലെത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 92-ആം വയസ്സിലാണ് മന്‍മോഹന്‍ വിടവാങ്ങിയത്. 2004 മുതല്‍ 2014 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവ് ശ്രദ്ധേയമായ സാമ്പത്തിക പരിഷ്‌കാരങ്ങളാല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തി. ലോക നേതാക്കള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുകയും ഊഷ്മളമായ ബന്ധത്തെക്കുറിച്ച് വാചാലമാകുകയും ചെയ്യുന്നു.

More Stories from this section

family-dental
witywide