
വാഷിങ്ടണ്‍: പ്രമേഹരോഗിയായ നാല് വയസ്സുകാരി മകളുടെ മരണത്തിന് കാരണക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎസില്‍ യുവതിക്ക് ഒമ്പത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഓഹിയോ സ്വദേശിനി ടമാര ബാങ്ക്‌സിനെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കടുത്ത കര്‍മിതി ഹോയ്ബ് പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നത്താല്‍ മരണപ്പെട്ടത്. കുട്ടിക്ക് പോഷകാഹാരക്കുറവുമുണ്ടായിരുന്നു.
പ്രമേഹ രോഗിയാണെന്നറിഞ്ഞിട്ടും മകൾക്ക് കൃത്രിമപ്പാലും മൗണ്ടെയിന്‍ ഡ്യൂവും കലർത്തി രക്ഷിതാക്കള്‍ സ്ഥിരമായി കുടിക്കാന്‍ കൊടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മരണസമയത്ത് കുട്ടിയുടെ പല്ല് പൂര്‍ണമായും കൊഴിഞ്ഞുപോയ അവസ്ഥയിലായിരുന്നു. കുട്ടിക്ക് ചികിത്സ നൽകിയതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
20 ഔണ്‍സ് മൗണ്ടെയിന്‍ ഡ്യൂവില്‍ 77 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത് വലിയ അപകടമുണ്ടാക്കും. അമിത അളവില്‍ ഇത്തരം ശീതളപാനീയങ്ങളുടെ ഉപയോഗമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും കോടതി കണ്ടെത്തി. കുട്ടിയുടെ പിതാവ് ക്രിസ്റ്റഫര്‍ ഹോയ്ബിനേയും നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
മരണത്തിന് ഏതാനും ദിവസം മുമ്പ് തന്നെ ഗൗരവമായ ആരോഗ്യ പ്രശ്‌നത്തിന്റെ സൂചന കുട്ടി കാണിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് രൂക്ഷമാകുകയും കുട്ടിയുടെ ശരീരം നീലനിറമായിട്ടും ശ്വസിക്കാനുള്ള ബുദ്ധിമുണ്ടായിട്ട് പോലും അടിയന്തര ചികിത്സയ്ക്കായി ബന്ധപ്പെട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. പ്രമേഹം മൂര്‍ച്ചിച്ചതാണ് മരണകാരണമെന്നാണ് മൃതദേഹ പരിശോധനയില്‍ വ്യക്തമായത്.















