യുഎസില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി വെടിയേറ്റു മരിച്ചു; നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ടെലിവിഷന്‍ താരം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് അക്കാദമിക്ക് സമീപം അജ്ഞാതന്റെ വെടിയേറ്റ് ഗവേഷക വിദ്യാര്‍ത്ഥിയും പ്രമുഖ നര്‍ത്തകനുമായ അമര്‍നാഥ് ഘോഷഅ കൊല്ലപ്പെട്ടു. സായാഹ്ന നടത്തത്തിന് ഇറങ്ങിയ ഇദ്ദേഹത്തിനു നേരെ അ‍ജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിരവധി തവണ അമര്‍നാഥ് ഘോഷിനെതിരെ വെടിയുതിര്‍ത്തു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കൊൽക്കത്ത ബീർഭൂം സ്വദേശിയായ ഇദ്ദേഹം ബംഗാളിലെ അറിയപ്പെടുന്ന ക്ളാസിക്കൽ ഡാൻസറാണ്.

ഈ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ ടെലിവിഷന്‍ താരവും അമർനാഥിന്റെ സുഹൃത്തുക്കളിൽ ഒരാളുമായ ദേവോലീന ഭട്ടാചാര്യയുടെ ട്വീറ്റ്.  

അടുത്ത ബന്ധുക്കളായി അമര്‍നാഥിന് ആരുമില്ലെന്നും ദേവോലീന പറയുന്നു. അമര്‍നാഥിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുകള്‍ക്ക് മൃതദേഹം കൈമാറാന്‍ പൊലീസ് തയ്യാറായിട്ടില്ല എന്നുമാണ് വിവരം. ഫെബ്രുവരി 27നാണ് അമര്‍നാഥിന് വെടിയേറ്റത്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ തന്നെ അമേരിക്കയില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പല സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലര്‍ക്കുമെതിരെ അതിരൂക്ഷമായ അക്രമങ്ങളും നടന്നിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ യു.എസ് ഗൗരവമായി കണക്കാക്കുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. പക്ഷെ, വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ ഏംബസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അമര്‍നാഥിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ചെലവിനായി യു.എസിലെ സുഹൃത്തുക്കള്‍ ഫണ്ട് റെയ്സിംഗ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.