വടക്കുകിഴക്കൻ യു.എസിൽ കനത്ത ചുഴലിക്കാറ്റ്: 2,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി; പ്രളയ മുന്നറിയിപ്പ്

ന്യൂയോർക്ക്: അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും ശക്തമാകുന്നു. ഡെലവെയർ മുതൽ ഫിലാഡെൽഫിയ, ന്യൂയോർക്ക് സിറ്റി, അപ്‌സ്റ്റേറ്റ് ന്യൂയോർക്ക് വരെയുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ചൊവ്വാഴ്ച പെന്നിൻസെൽവാനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ മൂന്നിലധികം ചുഴലിക്കാറ്റുകൾ വീശിയടിച്ചതായി റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 70 മൈൽ വരെ വേഗതയുള്ള കനത്ത കാറ്റും വലിയ ആലിപ്പഴ വീഴ്ചയും മണിക്കൂറിൽ ഒരു ഇഞ്ചിലധികം പെയ്യുന്ന കനത്ത മഴയുമാണ് മേഖലയിൽ പ്രവചിച്ചിരിക്കുന്നത്.

വിമാന സർവീസുകൾ മുടങ്ങി

മോശം കാലാവസ്ഥയെ തുടർന്ന് ചൊവ്വാഴ്ച മാത്രം 2,000-ത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ന്യൂയോർക്ക് സിറ്റി, ഫിലാഡെൽഫിയ, വാഷിംഗ്ടൺ ഡി.സി. എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ബോസ്റ്റൺ, ബാൾട്ടിമോർ, ന്യൂയോർക്ക്, വാഷിംഗ്ടൺ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ നിലത്തിറക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രളയഭീതിയിൽ നഗരങ്ങൾ

ഫിലാഡെൽഫിയ മുതൽ ന്യൂയോർക്ക് സിറ്റിയും കണക്റ്റിക്കട്ടും വരെയുള്ള ഇന്റർസ്റ്റേറ്റ് 95 പാതയോരങ്ങളിൽ കനത്ത പ്രളയസാധ്യത നിലനിൽക്കുന്നുണ്ട്. ന്യൂജേഴ്‌സിയിലെ ബർഗൻ കൗണ്ടി, ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു.

കിഴക്കൻ മേഖലകൾക്ക് പുറമെ മിസോറി മുതൽ വിർജീനിയ വരെയുള്ള പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. ലൂയിസ്‌വില്ലെ, ചാൾസ്റ്റൺ, സിൻസിനാറ്റി, പിറ്റ്‌സ്ബർഗ് എന്നീ നഗരങ്ങളെയും ഇത് ബാധിക്കും. ടെന്നസിയിലും പ്രളയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ജനങ്ങൾക്ക് മുന്നറിയിപ്പുമായി മേയർ

“ശക്തമായ ഇടിമിന്നലോ മഴയോ കാറ്റോ ഉള്ളപ്പോൾ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർ കനത്ത മഴ തുടരുകയാണെങ്കിൽ മുകളിലത്തെ നിലകളിലേക്ക് മാറാൻ മുൻകരുതലുകൾ എടുക്കണം,” എന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ന്യൂയോർക്ക് നഗരം പ്രളയത്തിലായതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ശക്തമായ കൊടുങ്കാറ്റ് എത്തിയിരിക്കുന്നത്.

അതേസമയം, അയോവയിലെ ഡെസ് മോയിൻസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റോഡുകളിൽ കുടുങ്ങിയ ഇരുപതോളം വാഹനങ്ങളിൽ നിന്നായി അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡെസ് മോയിൻസ് പൊലീസ് ചീഫ് മൈക്കൽ മക്ടാഗാർട്ട് വ്യക്തമാക്കി.

Severe storms in northeastern US: More than 2,000 flights canceled; Flood warning issued

Also Read

More Stories from this section

family-dental
witywide