
ജീവിതത്തിൽ ഏറ്റവും മൂല്യം നൽകേണ്ടത് ദൈവത്തിനാണെന്നും ദൈവത്തോടും നമ്മുടെ പൂർവികരോടുമുള്ള കടമ നിറവേറ്റാൻ എല്ലാവരും കടപ്പെട്ടിരിക്കുന്നു എന്നും ക്നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് . ക്നാനായ സമൂഹം ദൈവ കേന്ദ്രീകൃത സമൂഹമാണ്. ആ പാരമ്പര്യവും പൈതൃകവും നഷ്ടമാക്കരുത്. ക്രൈസ്തവ വിശ്വാസവും ക്നാനായ പൈതൃകവും വഴുതി പോകാൻ അനുവദിക്കരുതെന്നും പിതാവ് പറഞ്ഞു.
ക്‌നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ ഇല്ലിനോയ് മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയം ചിക്കാഗോയിലെ ബെന്‍സന്‍ വില്ലിലേക്ക് മാറ്റി സ്ഥാപിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്നാനായ സമൂഹത്തിൻ്റെ ആദ്യ പ്രവാസ ദേവാലമായിരുന്ന 2006ൽ സ്ഥാപിതമായ മേയ് വുഡ് സേക്രഡ് ഹാര്‍ട്ട് ദേവാലയം. ആ ദേവാലയത്തിനായി പ്രവർത്തിച്ച എല്ലാവരേയും അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. പ്രത്യേകിച്ച് ഫാ. ഏബ്രഹാം മുത്തോലത്തിന്റെ സേവനങ്ങളെ പിതാവ് ചടങ്ങിൽ സ്മരിച്ചു.
ഏറ്റവും മനോഹരമായ പള്ളി നിങ്ങളുടെ ഹൃദയത്തിലാണെന്നും ജീവനുള്ള ശിലകൊണ്ട് നിർമിക്കുന്ന ദേവാലയമാണതെന്നും ചിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. ദിവ്യബലി അർപ്പിക്കാനായി ഒന്നിച്ചു ചേരുമ്പോൾ ആ ഹൃദയ ദേവാലയം നമ്മൾ സൃഷ്ടിക്കുന്നു. ആ ദേവലമാണ് ദൈവത്തിന് ഇഷ്ടം. ആ ദേവാലയമാണ് നാം പണിയേണ്ടത്. പിതാവ് പറഞ്ഞു.
. പുതിയ ദേവാലയത്തിന്റെ പുനര്‍ കൂദാശാകര്‍മങ്ങള്‍ വലിയ ആഘോഷപൂർവവും ഭക്തിപൂർവവും നടത്തി. പുതിയതായി വാങ്ങിയ ദേവാലയത്തിൻ്റെ മുറ്റത്തും പരിസരത്തും വലിയ ജനക്കൂട്ടമായിരുന്നു. അമേരിക്കയിലെ വിവിധ ഇടവകളിൽ നിന്നുള്ള പുരോഹിതരും സിസ്റ്റേഴ്സും ഈ ചടങ്ങിൽ പങ്കെടുത്തു.
ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്തും ആശംസകൾ അറിയിച്ചു. പുതിയ ഇടവകയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.