
ഡൽഹി: മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികള്‍ നടത്തുന്നത് നിയമസഭാ പാസാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍. സെമിത്തേരികൾ യാക്കോബായ സഭയ്ക്ക് തുറന്നുനൽകണമെന്ന ഇടക്കാല ഉത്തരവ് സുപ്രീം കോടതി പരിഷ്കരിക്കണമെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
പള്ളികള്‍ക്കോ സെമിത്തേരികള്‍ക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവര്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകള്‍ നടത്താം എന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളുടെ സെമിത്തേരികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കുന്നതിന് 1934 ലെ സഭാ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉറപ്പ് എഴുതി നല്‍കാന്‍ സുപ്രീംകോടതി മലങ്കര ഓര്‍ത്തഡോക്‌സ് സഭയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.