
തിരുവനന്തപുരം: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി രംഗത്ത്. ഇത് എനിക്ക് പുതിയ കാര്യമല്ലെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും പി ശശി പറഞ്ഞു. ‘ദ വീക്ക്’ മാസികയോടാണ് ശശിയുടെ പ്രതികരണം.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്ന് ശശി വ്യക്തമാക്കി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ഇത്തരം ആക്രമണങ്ങളും വേട്ടയും നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി. അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നും ശശി അഭിമുഖത്തിൽ പറഞ്ഞു.
ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980 ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു.