
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് സമയം പൂർത്തിയായി. തണുത്ത പോളിംഗാണ് ഇത്തവണ കണ്ടത്. വൈകിട്ട് 6.30 വരെ 68.48% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ 7 ശതമാനത്തോളം വോട്ടിൻ്റെ കുറവുണ്ടെന്നാണ് വിലയിരുത്തൽ. ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിംഗ് പിന്നീട് സജീവമായെങ്കിലും വലിയ കുതിപ്പ് ഉണ്ടായില്ല.
പല ബൂത്തുകളിലും തർക്കവും ചെറിയ തോതിൽ കയ്യാങ്കളിയുമൊക്കെ ഉണ്ടായിരുന്നു. വെണ്ണക്കരയിൽ കാര്യമായ നിലയിൽ സംഘർഷവും ഉണ്ടായി. യു ഡി എഫ് സ്ഥാനാർഥി ബുത്തിലെത്തിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണമായത്. രാഹുൽ മാങ്കൂട്ടത്തിലിനെ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞത് യു ഡി എഫ് പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഇരു പക്ഷത്തും പ്രവർത്തകർ സംഘടിച്ചു. ഇതിനിടെ പൊലീസും ഇടപെട്ടതോടെ സംഘർഷത്തിന് നേരിയ അയവ് വന്നിട്ടുണ്ട്.
പാലക്കാട് പത്ത് സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടിയത്. ഇടതുപക്ഷ സ്ഥാനാർഥിയായ പി സരിനും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും, ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാറും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.
പാലക്കാട് വിധി കൂടി കുറിക്കപ്പെട്ടതോടെ കേരളത്തിൽ 3 മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലുമാണ് പാലക്കാടിന് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച തെരഞ്ഞടുപ്പ് പോരിൻ്റെ അങ്കത്തട്ടിൽ ആര് വിജയക്കൊടി നാട്ടുമെന്നറിയാൻ ഇനി മൂന്ന് നാൾ കൂടി കാത്തിരിക്കണം. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.