
ചിക്കാഗോ: അമേരിക്കന്‍ മലയാളി – സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ പ്രമുഖനും, ഫോമയുടെ മുതിര്‍ന്ന നേതാവുമായ പീറ്റര്‍ കുളങ്ങരയെ ഫോമയുടെ 2025 കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. 2025 കോട്ടയത്തുവെച്ചായിരിക്കും ഫോമാ കേരളാ കണ്‍വെന്‍ഷന്‍ നടക്കുക.
തികഞ്ഞ സംഘടനാ പ്രവര്‍ത്തകനും ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന പീറ്റര്‍ കുളങ്ങര അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയില്‍ കുളങ്ങര കെ. ജെ. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും മകനായ പീറ്റര്‍ കുളങ്ങര അമേരിക്കയിലെ മലയാളി സംഘടനകളില്‍ നിറസാന്നിധ്യമാണ്. ചിക്കാഗോ കെ.സി. എസിന്റെ ട്രഷറര്‍ , വൈസ് പ്രസിഡന്റ്, കെ.സി. സി. എന്‍. എ, ആര്‍ വി പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ആദ്യകാല ചെയര്‍മാന്‍, പിന്നീട് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഫോമ ആര്‍. വി.പി. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പര്‍, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരന്‍ (ട്രസ്റ്റി) 2010 മുതല്‍ പള്ളിയുടെ ഫ്യൂണറല്‍ കോ- ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പീറ്റര്‍ കുളങ്ങര തന്റെ നേതൃപാടവം തെളിയിച്ചു.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായിരുന്നു. സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ 25 വീടുകള്‍ കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ അദ്ദേഹം മുന്നിട്ട് പ്രവര്‍ത്തിച്ചു.
സാമൂഹ്യ പ്രവര്‍ത്തകയായ സുനില്‍ ടീച്ചറുമായി ചേര്‍ന്ന് ഇവയില്‍ 11 വീടുകള്‍ പീറ്റര്‍ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വടം വലി മത്സരം നടത്തുമ്പോള്‍ അതിന്റെ അമരത്ത് പീറ്റര്‍ കുളങ്ങരയുണ്ടായിരുന്നു. ആദ്യത്തെ കോവിഡ് കാലത്ത് ‘ചിയേഴ്സ് ക്ലബ്ബ് ‘ എന്ന ഒരു പ്രസ്ഥാനത്തിന് പീറ്റര്‍ കുളങ്ങരയും സുഹൃത്തുക്കളും തുടക്കമിടുകയും പിന്നീടത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് മാറുകയും ചെയ്തു. തുടര്‍ന്ന് ഈ കൂട്ടായ്മയ്ക്ക് കീഴില്‍ കോവിഡ് കാലത്ത് നാട്ടില്‍ ഭക്ഷണം വിതരണം ചെയ്യുകയും, 10 ആധുനിക തയ്യല്‍ മെഷീനുകള്‍ സ്ത്രീകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. ഫോമയുടെ നേതൃത്വത്തില്‍ നൂറിലധികം ഇലക്ട്രോണിക് വീല്‍ ചെയറുകള്‍, മുച്ചക്ര സ്‌കൂട്ടറുകള്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കോട്ടയത്തുവെച്ച് വിതരണം ചെയ്തിരുന്നു. അടുത്ത വീല്‍ ചെയര്‍ വിതരണം ജനുവരിയില്‍ കാസര്‍കോട്ട് വെച്ച് നല്‍കും .
കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പീറ്റര്‍ കുളങ്ങരയെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും, ആശംസകള്‍ നേരുകയും ചെയ്തു.