സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: മോദി ഗുരുവായൂരിലേക്ക്, മറ്റു വിവാഹങ്ങളുടെ സമയം മാറ്റും

ഗുരുവായൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഗുരുവായൂരിലെത്തു. പ്രധാനമന്ത്രി എത്തുന്നതു പ്രമാണിച്ച് ജനുവരി 17ാം തിയതി നടക്കാനിരിക്കുന്ന മറ്റ് വിവാങ്ങളുടെ സമയക്രമങ്ങൾ മാറ്റുന്നു. രാവിലെ ഏഴിനും ഒമ്പതിനും മധ്യേ നടക്കേണ്ട വിവാഹങ്ങൾ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത്. വിവാഹ സംഘങ്ങളുടെ അഭിപ്രായം തേടിയ ശേഷമേ സമയക്രമത്തിൽ മാറ്റം വരുത്തൂ.

17ന് നടക്കേണ്ട 65 വിവാഹങ്ങളിൽ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്പതിനും മധ്യേയുള്ളത്​. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പായി മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം.മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹ സല്‍ക്കാരം.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടി. ഗോകുല്‍, മാധവ്, ഭാവ്നി, പരേതയായ ലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍