മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചത്തേക്ക് മാറ്റിയേക്കും; ചന്ദ്രബാബു നായിഡുവിന്റെയും മാറ്റാൻ സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 9 ന് വൈകുന്നേരം നടന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ജൂൺ എട്ടിന് ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിൽ ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് ചടങ്ങുകൾ നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 8,000 ത്തിലധികം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരിക്കും മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാം വട്ടം അധികാരമേൽക്കുക.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരുടെ സമയം കൂടി കണക്കിലെടുത്ത് അന്തിമ തീയതിയും സമയവും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഉറവിടങ്ങൾ പറയുന്നു. ഇന്ന് വൈകുന്നേരത്തോടെ, തീയതിയും സമയവും അന്തിമമായേക്കും. ഞായറാഴ്ച വൈകുന്നേരത്തോടെ നിരവധി പ്രമുഖർക്ക് തിരിച്ചു പോകേണ്ട സാഹചര്യം നിലനിൽക്കുന്നതിലാൽ ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ചടങ്ങ് നടത്താനും സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിൻ്റെ സത്യപ്രതിജ്ഞ ജൂൺ 9 ൽ നിന്ന് ജൂൺ 12 ലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട് എന്നതിനാലാണ് ചടങ്ങ് മാറ്റുന്നത്.

More Stories from this section

family-dental
witywide